'നമുക്ക് ഇന്ത്യയെ രക്ഷിക്കണം..'; കേന്ദ്രത്തിന്റെ ദ്രോഹങ്ങള്‍ എണ്ണിപ്പറഞ്ഞ് പുതിയ ക്യാംപെയ്‌നുമായി സ്റ്റാലിന്‍
ചെന്നൈ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ വ്യത്യസ്ത ക്യാംപെയ്‌നുമായി ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. സ്പീക്കിംഗ് ഫോര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്റ്റാലിന്‍ പോഡ്കാസ്റ്റ് വീഡിയോയില്‍ എത്തുന്നത്. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയെ വരും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊണ്ടാണ് എം കെ സ്റ്റാലിന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. 2014 ല്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇന്ത്യയുടെ അടിത്തറയെ തന്നെ നശിപ്പിക്കാനാണ് ബി ജെ പി ശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്നും സ്റ്റാലിന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍...

'തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയില്‍, ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഡി എം കെയുടെ നേതാവെന്ന നിലയില്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍ നിങ്ങളിലൊരുവനായി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് ഈ പോഡ്കാസ്റ്റ് പരമ്പരയുടെ ഉദ്ദേശ്യം. ഓരോരുത്തരും ഇന്ത്യയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലാണ് നാം ഇന്നുള്ളത്.
കാലാകാലങ്ങളായി ഇന്ത്യന്‍ ജനത ഒട്ടാകെ നെഞ്ചിലേറ്റി സംരക്ഷിക്കുന്ന ഐക്യബോധം എന്ന തത്വത്തെ ഛിന്നഭിന്നമാക്കി ഇന്ത്യയുടെ അടിത്തറയെ തന്നെ നശിപ്പിക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. 2014 ല്‍ അധികാരത്തിലെത്തിയ ഭാരതീയ ജനതാപാര്‍ട്ടി തിരഞ്ഞെടുപ്പിന് മുന്‍പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.
വിദേശത്തുള്ള കള്ളപ്പണം വീണ്ടെടുത്ത് ഒരാള്‍ക്ക് 15 ലക്ഷം വീതം നല്‍കും, പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, സ്വന്തമായി വീടില്ലാത്ത ആളുകള്‍ ഉണ്ടാകില്ല, ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറും, അങ്ങനെ എന്തൊക്കെ വ്യാജ വാഗ്ദാനങ്ങള്‍. പത്ത് വര്‍ഷമാകാന്‍ പോകുന്നു. എന്നാല്‍ ഒരു വാഗ്ദാനവും പാലിക്കാന്‍ പോകുന്നില്ല.
ഗുജറാത്ത് മോഡല്‍ എന്ന് കള്ളം പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്ര മോദി മോഡല്‍ ഇപ്പോള്‍ എന്ത് മോഡലാണെന്ന് പോലും അറിയാതെ അവസാനിക്കാന്‍ പോകുന്നു. സ്ഥിതി വിവരക്കണക്കുകളോടെ തമിഴ്‌നാട്ടില്‍ ദ്രാവിഡ മോഡല്‍ കണക്കുകള്‍ നമ്മള്‍ അക്കമിട്ട് നിരത്തുമ്പോള്‍ അറിയാതെ പോലും അവരാരും ഗുജറാത്ത് മോഡലിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നു പോലുമില്ല. ഇതൊരു വശം മാത്രം.
ഇനി മറുവശത്ത് നന്നായി നടത്തിയിരുന്ന ഇന്ത്യയുടെ പൊതുമേഖലാ ഘടനയെ അവര്‍ നശിപ്പിച്ച് ഛിന്നഭിന്നമാക്കി. തങ്ങളുമായി അടുപ്പമുള്ള വ്യവസായികള്‍ക്ക് അവ ഓരോന്നും ഒന്നൊന്നായി കൈമാറുകയാണ് അവര്‍. ഇന്ത്യന്‍ ജനതയുടെ മൊത്തത്തിലുള്ള ക്ഷേമം ചുരുക്കം ചിലരുടെ മാത്രം ക്ഷേമമായി ചുരുങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, ഇപ്പോള്‍ സ്വകാര്യ കമ്പനിക്ക് വിറ്റു. ഇന്ത്യയിലെമ്പാടുമുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയടക്കി.
പ്രധാനമന്ത്രി മോദി പറഞ്ഞത് പോലെ കര്‍ഷകരുടെ വരുമാനം ഒരിക്കലും ഇരട്ടിയായില്ല. കര്‍ഷകരുടെ ജീവിത നിലവാരവും ഉയര്‍ന്നില്ല. ഇതെല്ലാം മറച്ചുവെക്കാന്‍ വേണ്ടി മാത്രം മതവികാരത്തെ കൈയിലെടുത്തും ആളുകളുടെ മതവികാരത്തെ ഇളക്കിവിട്ട് അവര്‍ അതില്‍ കുളിര്‍കായാന്‍ ശ്രമിക്കുകയാണ്. 2002 ല്‍ ഗുജറാത്തില്‍ അക്രമത്തിന്റേയും വിദ്വേഷത്തിന്റേയും വിത്ത് പാകിയ പാര്‍ട്ടിയാണ് ബി ജെ പി.
2023 ല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിനെ ചുട്ടെരിക്കുകയാണ്. ഹരിയാനയില്‍ ആളിക്കത്തിയ വിഭാഗീയത നിരപരാധികളുടെ ജീവനും സ്വത്തും അപഹരിക്കുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തിയില്ലെങ്കില്‍ ഇന്ത്യയെ ആര്‍ക്കും രക്ഷിക്കാനാവില്ല. ഇന്ത്യയുടെ ബഹുമുഖ സ്വഭാവത്തിന് ഫെഡറിലസത്തിന് ജനാധിപത്യ അന്തസിന് ഭീഷണി എപ്പോഴെല്ലാം ഉണ്ടായോ അപ്പോഴെല്ലാം ഡി എം കെ അതിനെ എതിര്‍ക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ഏകീകൃത പ്രകൃതിയോടുള്ള എതിര്‍പ്പിന്റെ കുന്തമുനയായി നിങ്ങള്‍ ഡിഎംകെയെ എടുക്കണം എന്ന് പേരറിഗ്നര്‍ അണ്ണയാണ് രാജ്യസഭയില്‍ ഉറക്കെ ഘോഷിച്ചത്. തമിഴ്‌നാട്ടില്‍ കാലൂന്നി നിന്ന് കൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്ന ഒരു പാര്‍ട്ടിയായി നമ്മുടെ പ്രസ്ഥാനം പ്രവര്‍ത്തിക്കണമെന്ന് പറയുക മാത്രമല്ല ഭരണത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നേതാവായ കലൈഞ്ജര്‍ പ്രധാനമന്ത്രിമാരേയും രാഷ്ട്രപതിമാരേയും സൃഷ്ടിച്ച പ്രസ്ഥാനമാണ് ഡി എം കെ.

ഇപ്പോള്‍ വീണ്ടും ഒരു ചരിത്രപരമായ കടമ നമ്മെ നോക്കി വരികയാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരേണ്ടതെന്നും ആര് അധികാരത്തില്‍ വരാന്‍ പാടില്ലെന്നും തീരുമാനിക്കാന്‍ ഉള്ളതാണ്. ഒമ്പത് വര്‍ഷത്തെ ബി ജെ പി ഭരണത്തില്‍ സംസ്ഥാനങ്ങളെ നശിപ്പിച്ച ദ്രോഹപരമായ നിരവധി അഴിമതികളുണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങള്‍ മുഴുവനായി ഇല്ലാതാക്കി ജി എസ് ടി.
അതിനാല്‍ സാമ്പത്തിക സ്വയംഭരണത്തിനുള്ള അവകാശം തമിഴ്‌നാടിന് പൂര്‍ണമായി നഷ്ടപ്പെട്ടു. ജി എസ് ടി നഷ്ടപരിഹാരം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ പല തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന് നികുതിയായി പ്രതിവര്‍ഷം വന്‍ തുക നല്‍കുന്നുണ്ട്. അതേസമയം തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന് നികുതി വരുമാനമായി നല്‍കുന്ന ഓരോ രൂപയ്ക്കും വെറും 29 പൈസ മാത്രമാണ് തിരികെ ലഭിക്കുന്നത്.
2014 മുതല്‍ 2022 വരെ നമ്മുടെ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നികുതി 516000 കോടി രൂപയാണ്. പക്ഷെ നികുതി വിഹിതത്തില്‍ നമുക്ക് തിരികെ ലഭിച്ചത് 208000 കോടി രൂപ മാത്രമാണ്. കിട്ടിയത് മുഴുവന്‍ കൊടുക്കാന്‍ പറ്റില്ല എന്ന് പറയുമ്പോഴും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം എങ്ങനെ കൊടുക്കാന്‍ സാധിക്കുന്നു. ബി ജെ പി ഭരിക്കുന്ന ഒരു സംസ്ഥാനം 204000 കോടി രൂപയാണ് നികുതിയായി അടച്ചത്.

എന്നാല്‍ നികുതി വിഹിതത്തില്‍ 904000 കോടി രൂപ തിരികെ ലഭിച്ചു. ഇതിനെയാണ് നമ്മള്‍ വഞ്ചന എന്ന് വിളിക്കുന്നത്. ഇങ്ങനെ പ്രതിപക്ഷ പാര്‍ട്ടികളോട് പക വീട്ടുന്ന ബി ജെ പി സര്‍ക്കാരാണ് നിലവിലുള്ളത്. കേന്ദ്രധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ തമിഴ്‌നാട് വന്‍ സാമ്പത്തിക നഷ്ടം നേരിടുന്നു. 12-ാം ധനകാര്യ സമിതി 5.305 ശതമാനം ഫണ്ടെങ്കില്‍ 15-ാം ധനകാര്യ സമിതിയില്‍ 4.079 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് ഓരോ വര്‍ഷവും തമിഴ്‌നാടിന് നഷ്ടമാകുന്ന തുക കുറച്ചൊന്നുമല്ല.
നമുക്ക് കൃത്യമായി ലഭിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയാണ് നമുക്ക് നഷ്ടമാകുന്നത്. പല പദ്ധതികളുടേയും പ്രധാന വിഹിതം സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ കേന്ദ്രത്തിന് വേണമെന്നാണ് അവര്‍ കരുതുന്നത്. ഒമ്പത് വര്‍ഷത്തിനിടെ തമിഴ്‌നാടിന് ഒരു പ്രത്യേക പദ്ധതി പോലും നല്‍കിയിട്ടില്ല. സംസ്ഥാനത്തോട് പ്രതികാരത്തോടെ പെരുമാറുകയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍.
ജനങ്ങള്‍ക്ക് നേരിട്ട് നേട്ടമുണ്ടാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാരുകളെ നശിപ്പിക്കുക എന്നതാണ് അവരുടെ പ്രധാനലക്ഷ്യം. ഇതിലൂടെ ഇന്ത്യയെ മുഴുവന്‍ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സാമൂഹ്യനീതി, മതേതരത്വം, സോഷ്യലിസം, തുല്യത, മതസൗഹാര്‍ദ്ദം, സംസ്ഥാന സ്വയംഭരണം, ഫെഡറലിസം, നാനാത്വത്തില്‍ ഏകത്വം ഇവ നിലനില്‍ക്കുന്ന ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ.
സമാനതകളില്ലാത്ത ഇന്ത്യ. അതുപോലൊരു ഇന്ത്യയെ പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യമാണ് നമ്മുടെ ഇന്ത്യയെ രക്ഷിക്കാന്‍ പോകുന്നത്. മണിപ്പൂരും ഹരിയാനയും പോലെ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇന്ത്യ മുഴുവന്‍ ഇരയാകുന്നത് നല്ലത് പോലെ തടയണമെങ്കില്‍ ഇന്ത്യാ സഖ്യം വിജയിക്കണം. ഇതിനുള്ള പ്രാരംഭ ആലേചനാ യോഗങ്ങള്‍ പാട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നടന്നു.
നമുക്കെല്ലാവര്‍ക്കും ഒരു ബഹുസാംസ്‌കാരിക ഇന്ത്യയെ രൂപപ്പെടുത്താം. നമുക്ക് ഇന്ത്യയെ രക്ഷിക്കാം. അതിനാദ്യം നമുക്ക് ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാം. ഇനി മുതല്‍ ഇത് എം കെ സ്റ്റാലിന്റെ മാത്രം ശബ്ദമല്ല, ഇന്ത്യയുടെ തന്നെ ശബ്ദമായി, എന്റെ ശബ്ദം ഇന്ത്യയുടെ ശബ്ദമായി എല്ലാവരിലേക്കുമെത്തിക്കുക. ഇന്ത്യ വിജയിക്കട്ടെ.












Click it and Unblock the Notifications