ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യം മാത്രം, അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കൂ: ഖാര്‍ഗെ
ഹൈദരാബാദ്: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതായിരിക്കണം പ്രാഥമിക ലക്ഷ്യമെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് മാത്രമല്ല വെല്ലുവിളി നേരിടുന്നതെന്നും രാജ്യത്തെ ജനാധിപത്യമാകെ വലിയ വെല്ലുവിളിയാണ് നേരിടുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു.
മഹാത്മാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിന്റെ നൂറാം വാര്‍ഷികത്തില്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായാല്‍ അതായിരിക്കും മഹാത്മാഗാന്ധിക്കുള്ള ഏറ്റവും ഉചിതമായ ആദരവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉന്നയിച്ചത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര നീക്കത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.

''അവരുടെ അജണ്ട നടപ്പിലാക്കാന്‍ എല്ല ചട്ടങ്ങലും ലംഘിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ ചെയര്‍പേഴ്സണായി നിയമിച്ചു. യാതൊരു അര്‍ത്ഥവുമില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനയ്ക്ക് അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ ഭരണഘടന സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി അവസാന ശ്വാസം വരെ പോരാടേണ്ടി വരും,' ഖാര്‍ഗെ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തി രാജ്യത്ത് ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്നതിനാല്‍ അതിന് നമ്മള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സാമൂഹിക നീതിയുടെയും ക്ഷേമത്തിന്റെയും പുതിയ മാതൃകയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ഈ ക്ഷേമപദ്ധതികള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയ സംസ്ഥാന പ്രസിഡന്റുമാരോടും നിയമസഭാ കക്ഷി നേതാക്കളോടും ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ തങ്ങളുടെ കമ്മിറ്റികള്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോയെന്നും സ്ഥാനാര്‍ത്ഥികളെ കണ്ടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. വിശ്രമിക്കാനുള്ള സമയമല്ല ഇതെന്നും ഖാര്‍ഗെ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരണത്തിന്‍ കീഴില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചു. ദരിദ്രരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല എന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് മിണ്ടാതിരിക്കാന്‍ സാധിക്കില്ല എന്നും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഈ ഏകാധിപത്യ സര്‍ക്കാരിനെ താഴെയിറക്കണം എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ ഒരു ബദല്‍ തേടുന്നു എന്നതിന്റെ സൂചനയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് അക്ഷീണം പ്രവര്‍ത്തിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന നല്‍കണം എന്നും ഖാര്‍ഗെ ഊന്നിപ്പറഞ്ഞു. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയൂ.
കര്‍ണാടകയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും അച്ചടക്കത്തോടെ പോരാടുകയും ചെയ്തതിനാലാണ് വിജയം വരിക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കണമെന്ന ഉറച്ച പ്രതിബദ്ധതയോടെയാണ് തങ്ങള്‍ ഇന്ന് ഹൈദരാബാദ് വിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, അംബികാ സോണി, സല്‍മാന്‍ ഖുര്‍ഷിദ്, ആനന്ദ് ശര്‍മ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications