ഇന്ത്യാസഖ്യത്തില്‍ വീണ്ടും ഭിന്നത; പഞ്ചാബില്‍ ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
അമൃത്സര്‍: പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ മൂന്നാം യോഗത്തിനായി തയ്യാറെടുക്കവെ മുന്നണിക്കുള്ളില്‍ വീണ്ടും അസ്വാരസ്യം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതോടെ ഇന്ത്യാ ഗ്രൂപ്പിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
നേരത്തെ ദല്‍ഹിയിലും ആം ആദ്മി- കോണ്‍ഗ്രസ് തര്‍ക്കം ഉടലെടുത്തിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എന്നത് പ്രധാനമാണെന്നും പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തിന് അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും പറയുന്നവരുമുണ്ട്. യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പര്‍താപ് സിംഗ് ബജ്വ സഖ്യം സാധ്യമാകില്ലെന്ന് സൂചിപ്പിച്ചിരുന്നു.

'കോണ്‍ഗ്രസുകാര്‍ ഈ പുതിയ പാര്‍ട്ടിയുടെ നേതാക്കളുടെ മുഖം കാണാന്‍ പോലും തയ്യാറല്ല. താല്‍പര്യമില്ലാത്ത സൗഹൃദം ഉണ്ടാകുമ്പോള്‍, ഇഷ്ടമില്ലാത്ത വിവാഹം നടത്തുമ്പോള്‍ അത് ഇരുവര്‍ക്കും ദോഷം ചെയ്യും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചാബ് വിരുദ്ധരായ ആളുകളുമായി വിദൂരമായി പോലും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല,' പര്‍താപ് സിംഗ് ബജ്വ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാനെ അഡോള്‍ഫ് ഹിറ്റ്ലറുമായാണ് ബജ്വ താരതമ്യം ചെയ്തത്. ഭഗവന്ത് മാനും എഎപി നേതൃത്വവും ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസിനോട് തങ്ങളുടെ ഈ കാഴ്ചപ്പാട് ഹൈക്കമാന്‍ഡിനെ അറിയിക്കാനും ബജ്വ അഭ്യര്‍ത്ഥിച്ചു.
ഇത് രണ്ടാം തവണയാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് സഖ്യത്തെ ഔദ്യോഗികമായി എതിര്‍ക്കുന്നത്. ജൂണില്‍ ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ അതൃപ്തിയുമായി ബജ്വ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു. സഖ്യത്തിനെതിരെ തുറന്ന് സംസാരിച്ചില്ലെങ്കിലും, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗും ഇതേ നിലപാടിലാണ്.
സംസ്ഥാന ഘടകത്തിന്റെ അഭിപ്രായങ്ങള്‍ താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് അവ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് അമരീന്ദര്‍ സിംഗ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. ബജ്വയുടെ വികാരം സംസ്ഥാനത്തെ കോണ്‍ഗ്രസ് അണികളെ പ്രതിധ്വനിപ്പിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു സഖ്യമുണ്ടായാല്‍ പരസ്പരം വോട്ടുകള്‍ കൈമാറുന്നത് ബുദ്ധിമുട്ടാകുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസില്‍ വേരുകള്‍ ആണ് ആം ആദ്മി അടര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സഖ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബി ജെ പിക്ക് മുന്‍തൂക്കം ലഭിക്കും, കോണ്‍ഗ്രസ് അവസാനിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
ബി ജെ പി അപ്രസക്തമായ പഞ്ചാബില്‍ ഇന്ത്യന്‍ സഖ്യത്തിന് വലിയ പ്രാധാന്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഭോലത്ത് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ പറഞ്ഞു. ബി ജെ പിയെ അധികാരത്തിലെത്തുന്നത് തടയാനാണ് ഇന്ത്യന്‍ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പഞ്ചാബിലെ ബി ജെ പി കേഡര്‍ അപ്രസക്തമാണ്. ബി ജെ പിക്ക് ഇവിടെ ഒരു സീറ്റ് പോലും നേടാനാകില്ല. അതുകൊണ്ട് സഖ്യമുണ്ടാക്കുന്നതില്‍ കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications