ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്, നെറ്റിയില്‍ പരിക്ക്; പിന്നില്‍ ടിഡിപിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി വിജയവാഡയിലെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്റര്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടത് കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. ഇടത് പുരികത്തിന് സമീപം പരിക്കേറ്റ അദ്ദേഹത്തിന് ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി.
തുടര്‍ന്ന് അദ്ദേഹം യാത്ര തുടര്‍ന്നു. പ്രവര്‍ത്തകര്‍ മാലയിട്ട് മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. വിജയവാഡയിലെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്ററില്‍ ബസ് പര്യടനത്തിന്റെ ഭാഗമായി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ജഗന്‍. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു എന്നാണ് പ്രവര്‍ത്തകരും പൊലീസും സംശയിക്കുന്നത്.

അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം ടി ഡി പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന് പിന്നില്‍ തെലുങ്കുദേശത്തെയും പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡുവിനെയും കുറ്റപ്പെടുത്തിയ വൈ എസ് ആര്‍ സി പി ഇത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. തെലുഗുദേശം പാര്‍ട്ടിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മധുരവാഡ, ഗജുവാക്ക, ഇസുകത്തോട്ട തുടങ്ങിയിടങ്ങളില്‍ രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു.
ഞായറാഴ്ച പ്രതിഷേധം ശക്തമാകാനാണ് സാധ്യത. വിജയവാഡ വെസ്റ്റ് എംഎല്‍എ വെള്ളമ്പള്ളി ശ്രീനിവാസിന് നേരേയും കല്ലേറുണ്ടായി. അതേസമയം പ്രതിയെ തിരിച്ചറിയാന്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് എന്നും അജിത്സിംഗ് നഗര്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ജഗന്‍ മോഹന്‍ തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേമന്ത സിദ്ധം (ഞങ്ങള്‍ എല്ലാവരും തയ്യാറാണ്) എന്ന പേരില്‍ ബസ് പര്യടനം ആരംഭിച്ചത്. എല്ലാ ജില്ലകളും ഉള്‍ക്കൊള്ളുന്ന 21 ദിവസത്തെ ബസ് പര്യടനമാണ് പാര്‍ട്ടി ആലോചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. വൈ എസ് ആര്‍ കോണ്‍ഗ്രസിനെതിരെ ബി ജെ പിയും തെലുങ്ക് ദേശം പാര്‍ട്ടിയും ജനസേന പാര്‍ട്ടിയും സഖ്യത്തിലാണ്.












Click it and Unblock the Notifications