ബംഗാള്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കൊപ്പമെന്ന് മമത; 'ഇന്ത്യാ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ'
കൊല്‍ക്കത്ത: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയായ ഇന്ത്യന്‍ ബ്ലോക്കിലെ അംഗത്വത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മനംമാറ്റം. പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
'ഞങ്ങള്‍ ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കും. കൂടാതെ അവരെ എല്ലാ വിധത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. ബംഗാളില്‍ ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കും,' മമത കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ത്യാ ബ്ലോക്കിനെക്കുറിച്ചുള്ള തന്റെ നിര്‍വചനവും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.

അതില്‍ സിപിഎമ്മോ ബംഗാള്‍ കോണ്‍ഗ്രസോ ഉള്‍പ്പെടുന്നില്ല എന്ന് മമത പറഞ്ഞു. ഇന്ത്യാ സഖ്യത്തില്‍ ബംഗാള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കണക്കാക്കരുത്. അവര്‍ രണ്ടും ഞങ്ങള്‍ക്കൊപ്പമില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇരുവരും ബിജെപിക്കൊപ്പമാണ്. ഞാന്‍ ഡല്‍ഹിയിലെ കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്, ''അവര്‍ പറഞ്ഞു. രാജ്യത്തെ 70 ശതമാനം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം.
നേരത്തെയും ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മമത പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബംഗാള്‍ വഴി കാണിക്കുമെന്നും പകരം തങ്ങള്‍ക്ക് ഒന്നും വേണ്ട എന്നുമാണ് മമത പറഞ്ഞിരുത്. 'ആളുകളെ ജീവിക്കാന്‍ അനുവദിക്കണം. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കട്ടെ. രാഷ്ട്രവും ഭരണഘടയും മനുഷ്യത്വവും വില്‍ക്കാന്‍ പാടില്ല,'' എന്നായിരുന്നു മമത പറഞ്ഞത്.
ബിജെപിക്ക് 195 സീറ്റ് മാത്രമേ ലഭിക്കൂ എന്നും മമത പറഞ്ഞിരുന്നു. രാജ്യത്തിന് ഇനി നരേന്ദ്ര മോദിയെ വേണ്ട എന്നും ഇത്തവണ ഇന്ത്യ സഖ്യം വിജയിക്കും എന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രാദേശിക കക്ഷികള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കും എന്നും മമത പറഞ്ഞിരുന്നു.
ആകെ ഏഴ് ഘട്ടങ്ങളുള്ള തിരഞ്ഞെുപ്പില്‍ മൂന്ന് ഘട്ടം ഇനിയും ബാക്കിയുണ്ട്. പശ്ചിമ ബംഗാളില്‍ എല്ലാ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് ബംഗാള്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications