Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിൽ എൻഡിഎയുടെ മുന്നേറ്റം എളുപ്പമാവില്ല; നിതീഷ് വന്നിട്ടും കാര്യമില്ലേ? ഇതൊക്കെയാണ് കാരണങ്ങൾ

പാറ്റ്ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി ഇക്കുറി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള എൻഡിഎ നീക്കത്തിൽ നിർണായകമാവുക ഹിന്ദി ഹൃദയ ഭൂമിയിലെ സീറ്റുകൾ തന്നെയാവും. അതിൽ ബീഹാറും ഒരു പങ്ക് വഹിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അതത്ര എളുപ്പമുള്ള കാര്യമില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ മാറ്റങ്ങളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. അതിൽ എൻഡിഎ വിട്ടവരും വിടാൻ ഇരിക്കുന്നവരും വന്നു കയറിയവരും ഒക്കെയുണ്ട്. പ്രമുഖൻ നിതീഷ് തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ നിന്നുള്ള സീറ്റുകൾ എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നതായിരുന്നു നിതീഷിനെ സ്വാഗതം ചെയ്‌ത എൻഡിഎ നിലപാട്.

biharnda

ഒരിക്കൽ എല്ലാവാതിലുകളും നിതീഷിന് മുൻപിൽ കൊട്ടിയടച്ച അമിത് ഷാ തന്നെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നിതീഷിനെ പരവതാനി വിരിച്ചു കയറ്റിയെന്നതാണ് പ്രത്യേകത. രാമ ക്ഷേത്ര ഉദ്‌ഘാടനവും, വനിതാ സംവരണ ബില്ലും ആർട്ടിക്കിൾ 370 റദ്ദാക്കിയതുമൊന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബീഹാറിൽ എൻഡിഎയെ തുണയ്ക്കില്ലെന്ന സർവേ റിപ്പോർട്ടുകൾ വന്നതോടെയാണ് നിതീഷിനെ ഒപ്പം കൂട്ടാനുള്ള ചരട് വലികൾ ആരംഭിച്ചത്.

ബീഹാറിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് എൻഡിഎ തയ്യാറല്ലെന്ന് വ്യക്തം. എങ്കിലും ഇപ്പോഴും സംസ്ഥാനത്തെ മുന്നണിയുടെ സാധ്യതകൾക്ക് മേൽ ശക്തമായ വെല്ലുവിളി ഉയർത്തുന്ന നാലോളം ഘടകങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അവ എൻഡിഎയെ പിന്നിലേക്ക് വലിക്കുമെന്നാണ് മുന്നണിയുടെ ഭയം.

ഒന്നാമത്തെ കാര്യം എന്തെന്നാൽ നിതീഷിന് നഷ്‌ടമായ വിശ്വാസ്യത തന്നെയാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ബീഹാറിൽ രാഷ്ട്രീയത്തിൽ നിതീഷിന് നല്ല കാലമല്ല, ഈ രാഷ്ട്രീയ ശനിദശയുടെ ബാക്കി പത്രം എൻഡിഎ ഏറ്റുവാങ്ങേണ്ടി വരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. നിതീഷിനെതിരായ വികാരം ഇന്ത്യ സഖ്യം കൃത്യമായി ഉപയോഗപ്പെടുത്തിയാൽ എൻഡിഎ പതറുമെന്ന് ഉറപ്പാണ്. അതിന്റെ പരിണിത ഫലങ്ങൾ അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കേണ്ടി വരും.

എൻഡിഎ ഇവിടെ നേരിടുന്ന മറ്റൊരു വെല്ലുവിളി റാം വിലാസ് പാസ്വാന്റെ അസാന്നിധ്യമാണ്. സംസ്ഥാനത്തെ ഏഴ് ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ അദ്ദേഹത്തിന്റെ പക്കൽ ഭദ്രമായിരുന്നു. മകൻ ചിരാഗിനാവട്ടെ റാം വിലാസിന്റെ പ്രതിച്ഛായ ഇല്ല. മാത്രമല്ല ഏറ്റവും ഒടുവിൽ ചിരാഗിന് എൻഡിഎ കൊടുക്കുന്ന പ്രാധാന്യത്തിൽ കലഹിച്ച് കേന്ദ്രമന്ത്രി കൂടിയായ ആർഎൽജെപി നേതാവ് പശുപതി കുമാർ പരാസ് രാജിവെച്ചതും എൻഡിഎക്ക് തിരിച്ചടിയാവും.

സിപിഐ, സിപിഎം, സിപിഎംഎൽ പാർട്ടികൾ മഹാ സഖ്യത്തിനൊപ്പം ചേർന്നു എന്നതാണ് ബീഹാർ രാഷ്ട്രീയത്തിലെ മറ്റൊരു നിർണായക സംഭവ വികാസം. ശക്തമായ കോൺഗ്രസ്-ആർജെഡി സഖ്യത്തിന് മൂർച്ച കൂട്ടാൻ ഈ മൂന്ന് പാർട്ടികളുടെയും സാന്നിധ്യം സഹായിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് പാർട്ടികളും ചേർന്ന് 10 ശതമാനത്തിൽ അധികം വോട്ട് നേടി എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ട കാര്യമാണ്.

നാലാമത്തെയും അവസാനത്തെയും വെല്ലുവിളി എൻഡിഎ നേരിടാൻ പോവുന്നത് തേജസ്വി യാദവ് എന്ന യുവ നേതാവിന്റെ കഴിഞ്ഞ ഒന്നര വർഷത്തെ അഭൂതപൂർവമായ വളർച്ചയാണ്. ഉപമുഖ്യമന്ത്രി എന്ന നിലയിൽ യാദവ് മറുവാക്കില്ലാത്ത ഒരു ശക്തിയായി ബീഹാർ രാഷ്ട്രീയത്തിൽ പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ബീഹാറിലെ യുവാക്കൾക്ക് ഇടയിൽ തേജസ്വിയുടെ സ്വീകാര്യത അവരെ വല്ലാതെ വേട്ടയാടും എന്നുറപ്പാണ്.

ഈ ഘടകങ്ങൾ ഒക്കെയും എൻഡിഎയെ സംബന്ധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളി തന്നെയാണ്. ഇനി ശേഷിക്കുന്ന ദിനങ്ങളിൽ ബീഹാർ രാഷ്ട്രീയം മാറി മറിഞ്ഞില്ലെങ്കിൽ വലിയൊരു പോരാട്ടത്തിന് തന്നെ അവിടം സാക്ഷ്യം വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+