എഐഎഡിഎംകെ വീണ്ടും ബിജെപി സഖ്യത്തിലേക്കോ? ഡിഎംകെയ്കകും വലിയ പദ്ധതികള്‍, ചർച്ചകള്‍ സജീവം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തമിഴ്നാട്ടില്‍ സഖ്യചർച്ചകള്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബി ജെ പി സംഖ്യം വിട്ട എ ഐ എ ഡി എം കെ വീണ്ടും എന്‍ ഡി എ പാളയത്തില്‍ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബി ജെ പിക്കും എ ഐ എ എഡി എംകെയിലെ ഒരു വിഭാഗത്തിനും സഖ്യത്തിന് താല്‍പര്യമുണ്ടെങ്കിലും പളനി സ്വാമി വിഭാഗത്തിന് എന്‍ ഡി എ കൂട്ടുകെട്ടിനോട് താല്‍പര്യമില്ല.
മറുവശത്ത് ഡിഎംകെ സഖ്യം ഉപരിതലത്തിൽ ഭദ്രമാണെന്ന് തോന്നുമെങ്കിലും, സീറ്റ് വിഭജനത്തെച്ചൊല്ലി താഴെതട്ടില്‍ ചില പ്രശ്നങ്ങള്‍ രൂപപ്പെട്ട് വരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി പ്രാഥമിക തലത്തിൽ മാത്രമേ സംസാരിച്ചിട്ടുള്ളൂവെങ്കിലും, കഴിഞ്ഞ തവണ വിട്ടുനല്‍കിയ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഡിഎംകെ താൽപ്പര്യപ്പെടുമ്പോൾ കൂടുതൽ മണ്ഡലങ്ങൾ വിട്ടുനല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

ദേശീയ തലത്തിലുള്ള ഇന്ത്യൻ സഖ്യത്തിൻ്റെ അസ്ഥിരത സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയേക്കില്ലെങ്കിലും സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങള്‍ ഇരുപാർട്ടികള്‍ക്കിടയിലും വിള്ളലുകള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ മൂന്ന് വർഷമായി ഭരണത്തില്‍ തുടരുന്ന ഡിഎംകെ സഖ്യകക്ഷികളുമായി കടുത്ത വിലപേശലിന് സാധ്യതയുണ്ട്. ഇത് ചില പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കും.
കോൺഗ്രസിനും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും 2019-ൽ തമിഴ്‌നാട്ടിൽ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ച അതേ സംഖ്യകളെങ്കിലും ലഭിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഡിഎംകെ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവുമാണ്.
തെരഞ്ഞെടുപ്പിൽ കമൽഹാസൻ്റെ മക്കൾ നീതി മയ്യം പോലെ കൂടുതൽ പാർട്ടികൾ തങ്ങളുമായി കൈകോർക്കുമെന്ന് ഡിഎംകെ പ്രതീക്ഷിക്കുന്നതിനാൽ, നിലവിലെ സഖ്യകക്ഷികൾ കുറഞ്ഞ സീറ്റുകളിൽ ഒതുങ്ങേണ്ടി വരും. ഏതെങ്കിലും തരത്തില്‍ സഖ്യത്തില്‍ വിള്ളലുണ്ടായാല്‍ എഐഎഡിഎംകെ അവരെ ഒപ്പം കൂട്ടിയേക്കും എന്നതിനാല്‍ കടുത്ത വിലപേശലിനും ഡി എം കെയ്ക്ക് ഭയമുണ്ട്.
ഡി എം കെയുമായുള്ള ബന്ധം വിച്ഛേദിച്ച് സഖ്യത്തിൽ ചേരാൻ ചില പാർട്ടികൾക്കായി എഐഎഡിഎംകെ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പാട്ടാളി മക്കള്‍ കക്ഷി ഉള്‍പ്പെടെ തങ്ങളുടെ സഖ്യത്തിലേക്ക് വരുമെന്നാണ് അവരുടെ പ്രതീക്ഷ. എഐഎഡിഎംകെ ഇല്ലാത്ത സഖ്യം വോട്ട് നേടാൻ സഹായിക്കില്ലെന്നാണ് മിക്ക പാർട്ടികളും കരുതുന്നത്. അതോടൊപ്പം തന്നെ ഒരു വശത്ത് ബി ജെ പിയും സഖ്യകക്ഷികള്‍ക്കായി കാത്തിരിക്കുന്നുണ്ട്.
ഡി എം ഡി കെ എല്ലാ പാർട്ടികളോടും ഒരേസമയം സഖ്യ ചർച്ചകള്‍ നടത്തുന്നുണ്ട്. ഡി എം ഡികെ സ്ഥാപകൻ വിജയകാന്തിൻ്റെ സംസ്‌കാരച്ചടങ്ങിലെ ജനപങ്കാളിത്തം തിരഞ്ഞെടുപ്പിൽ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കള്‍ക്കുള്ളത്. ഡി എം ഡി കെയെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ പല പാർട്ടികള്‍ക്കും താല്‍പര്യവുമുണ്ട്.












Click it and Unblock the Notifications