2004 ആവർത്തിക്കാന്‍ കോണ്‍ഗ്രസ്: അടുത്തെത്തിയാലും ഭരണം പിടിക്കാം, പ്രതീക്ഷകള്‍ ഇങ്ങനെ
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ വീഴ്ത്തുകയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ മാസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് നീക്കും തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായിരിക്കുമ്പോഴും പല വിട്ടുവീഴ്ചകളും വരുത്തി അവർ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ തയ്യാറായി. ജെ ഡി യുവും ആർ എല്‍ ഡിയും സഖ്യത്തില്‍ നിന്നും പുറത്ത് പോയത് തിരിച്ചടിയാണെങ്കിലും കോണ്‍ഗ്രസ് ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല.
ബി ജെ പി വളരെ ശക്തമാണെങ്കിലും 2004 ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുകയെന്നതാണ് കോണ്‍ഗ്രസ് കാണുന്ന സ്വപ്നം. 400-ലധികം ലോക്‌സഭാ സീറ്റുകളിൽ ബി ജെ പിക്കെതിരെ ശക്തമായ ഒരു പ്രതിപക്ഷ സ്ഥാനാർത്ഥി ഉണ്ടെന്ന് ഉറപ്പാക്കാനുള്ള കോണ്‍ഗ്രസിന്റെ മഹത്തായ പദ്ധതി ഇതുവരെ പൂർണ്ണമായി യാഥാർത്ഥ്യമായിട്ടില്ല. എങ്കിലും ഇനിയും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങൾ ഉണ്ടാകും എന്നാണ് കോണ്‍ഗ്രസ് പാർട്ടി വ്യക്തമാക്കുന്നത്.

2019-ൽ,റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിക്കെതിരായി "ചൗക്കിദാർ ചോർ ഹേ" മുദ്രാവാക്യത്തിനോടൊപ്പം പാവപ്പെട്ടവർക്ക് മിനിമം വരുമാന ഗ്യാരൻ്റി എന്ന വാഗ്ദാനം നല്‍കുന്ന ന്യായ് പദ്ധതിയുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങള്‍. ഇത്തവണ കൂടുതല്‍ വാഗ്ദാനങ്ങളുമായി ന്യായ് പദ്ധതി വിപുലീകരിച്ചപ്പോള്‍ ഇലക്ട്രല്‍ ബോണ്ടുകളും ഇത്തവണ പ്രധാന പ്രചരണ വിഷയങ്ങളാണ്.
ജാതി സെന്‍സസും ഇത്തവണ കോണ്‍ഗ്രസ് പ്രചരണ ലിസ്റ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ ഒബിസി, ഗോത്രവർഗ, ദളിത് വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അവർക്ക് കേന്ദ്ര സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നതും കോണ്‍ഗ്രസ് സജീവമായി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
തൊഴിലില്ലായ്മയുടെ പേരിൽ യുവാക്കൾക്കിടയിലും ജീവിതച്ചെലവ് വർധിക്കുന്നതിനാൽ താഴ്ന്ന ഇടത്തരം, ദരിദ്ര കുടുംബങ്ങൾക്കിടയിലും ബിജെപി സർക്കാരിനെതിരെ "നിശബ്ദ രോഷം" ഉണ്ടെന്ന് പാർട്ടി വിശ്വസിക്കുന്നു. അതേസമയം തന്നെ, പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തില്‍ വന്ന വീഴ്ചകള്‍ തിരിച്ചടിയായി തന്നെ കോണ്‍ഗ്രസ് കാണുന്നുമുണ്ട്.
സഖ്യത്തിന് ഇതുവരെ ഒരു പൊതു പരിപാടിയോ വ്യക്തമായ ഭരണ അജണ്ടയോ ആവിഷ്‌കരിച്ചിട്ടില്ല. ഒരിക്കൽ പോലും സഖ്യകക്ഷികൾക്ക് അവരുടെ എല്ലാ മുൻനിര നേതാക്കളെയും ഒരൊറ്റ പൊതുവേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞതുമില്ല. നിതീഷ് കുമാറിൻ്റെ ജെഡിയുവും ജയന്ത് ചൗധരിയുടെ ആർഎൽഡിയും ഇന്ത്യാ ബ്ലോക്കിൽ നിന്ന് പുറത്തുപോകുകയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബന്ധം വിച്ഛേദിക്കുകയും ചെയ്തതാണ് തിരിച്ചടിയായി മാറിയത്.
ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി (എസ്‌പി)-കോൺഗ്രസ് സഖ്യവും ഡൽഹിയിലെ എഎപി-കോൺഗ്രസ് സീറ്റ് വിഭജനവും സഖ്യത്തിന് ആശ്വാസം പകരുന്നു. തമിഴ്‌നാട്, ബീഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ സീറ്റ് പങ്കിടൽ ഉടമ്പടികൾ ഉണ്ടാകും - ഈ സഖ്യങ്ങൾ ഇന്ത്യാ ബ്ലോക്കിൻ്റെ രൂപീകരണത്തിന് മുമ്പുള്ളതാണ്.
"ന്യായ്" മുദ്രാവാക്യം കേന്ദ്രീകരിച്ചുള്ള രാഹുലിൻ്റെ യാത്രകൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങൾ തൊഴിലില്ലാത്ത യുവാക്കൾ, സ്ത്രീകൾ, ആദിവാസികൾ, ദലിതർ, തൊഴിലാളിവർഗം, കർഷകർ എന്നിവർക്ക് അനുയോജ്യമായതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. ഇതെല്ലാം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications