ജെഡിഎസും ബിജെപിയും ഒന്നിച്ചാലും പ്രശ്നമില്ല: കർണാടകയില്‍ നേട്ടം കോണ്‍ഗ്രസിനായിരിക്കുമെന്ന് നേതൃത്വം
ബെംഗളൂരു: ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടാകയില്‍ ബി ജെ പി - ജെ ഡി എസ് സഖ്യം നിലവില്‍ വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദിയൂരപ്പയാണ് ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചത്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജെ ഡി എസ് നാലു സീറ്റിലും 24 സീറ്റുകളില്‍ ബി ജെ പിയും മത്സരിക്കുമെന്നാണ് യെദിയൂരപ്പയുടെ അവകാശവാദം. മുന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജെ ഡി എസ് നിഷേധിച്ചില്ലെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. കുറഞ്ഞത് ഏഴ് സീറ്റെങ്കിലും ലഭിക്കണമെന്നതാണ് അവരുടെ നിലപാടെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നേരെ മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ, ജെ ഡി എസ് - കോണ്‍ഗ്രസ് സഖ്യം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്.

എതിരാളികള്‍ ഒന്നിച്ചാലും നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായ ഫലമായിരിക്കും ലോക്സഭ തിരഞ്ഞെടുപ്പിലും ഉണ്ടാവുകയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേപ പദ്ധതികളും മറ്റും ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ കൂടുതല്‍ വിശ്വാസം നല്‍കുന്നു. ഈ വിശ്വാസം ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വന്‍ വിജയം നേടുന്നതിലേക്ക് എത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ബി ജെ പി - ജെ ഡി എസ് സഖ്യം യാഥാർത്ഥ്യമാകുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സഖ്യത്തിന് "എല്ലാ ആശംസകളും" വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ പ്രതികരണം. സഖ്യത്തിന് പിന്നിലെ സിദ്ധാന്തങ്ങളെക്കുറിച്ചും അതിന്റെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം ജിജ്ഞാസ പ്രകടിപ്പിച്ചു.
ബി ജെ പി - ജെ ഡി എസ് സഖ്യം കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുമെന്നും മന്ത്രി എം ബി പാട്ടീലും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും കുറഞ്ഞത് 20 സീറ്റിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്ന് ഞങ്ങള്‍ പരിഗണിക്കുന്നില്ലെന്നും എം ബി പാട്ടീല്‍ പറഞ്ഞു.












Click it and Unblock the Notifications