മോദിയോട് ഏറ്റുമുട്ടാനില്ല: രാഹുലിന് പിന്നാലെ പ്രിയങ്കയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കും
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ വാരണാസിയില്‍ ആരെയായിരിക്കും പ്രതിപക്ഷം ഇറക്കകുയെന്ന ചോദ്യം തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനിടയിലാണ് മോദിയെ നേരിടാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ടി എം സി അധ്യക്ഷയുമായ മമത ബാനർജി രംഗത്ത് വരുന്നത്. എന്നാല്‍ അത്തരമൊരു നീക്കം പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നോതാക്കള്‍ തന്നെ നല്‍കുന്നത്.
മറ്റ് പാർട്ടികളുടെയും സഖ്യകക്ഷികളുടെയും ഇത്തരം നിർദ്ദേശങ്ങളുമായി പാർട്ടി മുന്നോട്ട് പോകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ഉത്തർപ്രദേശ്. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ പാർട്ടി വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കാലം വരെ കോട്ടയായി നിലകൊണ്ട അമേഠി കഴിഞ്ഞ തവണ നഷ്ടമായി. ഇത്തവണ റായ്ബറേലിയില്‍ പോലും വിജയം ഉറപ്പില്ല.

ചുരുക്കത്തില്‍ വിജയകരമായ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ ഒരു മണ്ഡലം യു പിയില്‍ ഇല്ലെന്നുള്ളതാണ് സാരം. നേരത്തെ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക ഗാന്ധി എന്നാൽ പുതിയ പുനസംഘടനയിൽ ആ ചുമതല അവിനാഷ് പാണ്ഡെയ്ക്കാണ് നല്‍കിയിരിക്കുന്നത്. പ്രകടനപത്രിക സമിതിയുടെ ഭാഗമാണെങ്കിലും പ്രിയങ്ക ഒരു സംസ്ഥാനത്തിന്റെയും ചുമതലയില്ലാത്തതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയെ പാർട്ടി ചുമതലപ്പെടുത്താന്‍ പോകുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയകരമായ തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതില്‍ നിന്നെങ്കിലും മത്സരിച്ചേക്കുമെന്ന സൂചനയും പാർട്ടി നല്‍കുന്നു. നേരത്തെ ഇന്ദിരാഗാന്ധി (അവിഭക്ത ആന്ധ്രാപ്രദേശിലെ മേഡക്, കർണാടകയിലെ ചിക്കമംഗളൂരു), സോണിയാ ഗാന്ധി (കർണ്ണാടകയിലെ ബെല്ലാരി) എന്നിവിടങ്ങളില്‍ നിന്നും വിജയിച്ചിരുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിച്ച് വിജയിച്ചു.
ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ സഹായിക്കുമെന്നതിനാൽ പ്രിയങ്ക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യമായി കോണ്‍ഗ്രസ് തെലങ്കാന ഘടകം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാഹുലിന് പുറമെ പ്രിയങ്കയും ദക്ഷിണേന്ത്യയിലേക്ക് ചുവട് മാറ്റിയാല്‍ അത് ഉത്തരേന്ത്യയില്‍ അത് തിരിച്ചടിയായി മാറിയേക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സി പി ഐക്കെതിരെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.












Click it and Unblock the Notifications