2024 ല്‍ പ്രതിപക്ഷ സഖ്യം ബിജെപിയെ പരാജയപ്പെടുത്തും: 'ഇന്ത്യ'വിജയത്തിലേക്കെന്ന് അഖിലേഷ് യാദവ്
മുംബൈ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് . എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ തന്റെ പാർട്ടിയും സഖ്യകക്ഷികളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത് യോഗം ഇന്ന് മുംബൈയില്‍ ചേരാനിരിക്കെയാണ് എസ്പി അധ്യക്ഷന്റെ പ്രതികരണം.
"രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്ത്യ സഖ്യം 2024 ല്‍ ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ് . സമാജ്‌വാദി പാർട്ടിയും സഖ്യകക്ഷികളും ഏത് തിരഞ്ഞെടുപ്പിന് തയ്യാറാണ് - അത് നേരത്തെയോ പിന്നീടോ ആയാലും പ്രശ്നമൊന്നുമില്ല," യാദവ് സീതാപൂരിൽ മാധ്യമപ്രവർത്തകരോടായി പറഞ്ഞു. മുൻ എംഎൽഎ രാംപാൽ യാദവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സീതാപൂരിലെത്തിയതായിരുന്നു അഖിലേഷ് യാദവ്.

'ബിജെപി സ്ഥാനാർത്ഥി ദാരാ സിംഗ് ചൗഹാൻ മണ്ഡലത്തിലെ ജനങ്ങളെ കൈവിട്ടു. സ്വന്തം നേട്ടങ്ങൾക്കായി അദ്ദേഹം ബിജെപിയിലേക്ക് കുടിയേറുകയായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ പരാജയപ്പെടുത്താനും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും പോകുകയാണ്.' ഘോസിയിലെ ഉപതെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ വിജയിച്ച ചൗഹാൻ എംഎല്‍ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.
ഘോസിയിൽ പ്രചാരണത്തിനെത്തിയ മന്ത്രിമാർക്ക് തങ്ങളുടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ സാധിച്ചില്ലെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു. "400 രൂപയുടെ സിലിണ്ടറുകൾ 1,100 രൂപയ്ക്കാണ് ജനങ്ങൾക്ക് നൽകിയത്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ 200 രൂപ മാത്രമാണ് കുറച്ചത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ബിജെപി മുതലാളിമാരുടെ ഖജനാവ് നിറയ്ക്കുകയും ജനങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുകയാണ്. ബിജെപി സർക്കാർ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുകയാണ്' സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അവകാശപ്പെട്ടു.
ബിജെപി സർക്കാരിന്റെ നയങ്ങളിലും തീരുമാനങ്ങളിലും കർഷകരും യുവാക്കളും തൊഴിലാളികളും പാവപ്പെട്ടവരും രോഷാകുലരും അസ്വസ്ഥരുമാണ്. പാവപ്പെട്ടവരുടെ പ്രതീക്ഷകൾ തകർത്തിരിക്കുകയാണ് ബിജെപി. പാവപ്പെട്ടവരെ അടിമകളാക്കി നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച മുതൽ മുംബൈയിൽ നടക്കുന്ന രണ്ട് ദിവസത്തെ യോഗത്തില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വലിയ രീതിയിലുള്ള ചർച്ചകള്‍ നടത്താനാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒരുങ്ങുന്നത്.
മുബൈ യോഗത്തില്‍ സഖ്യത്തിന് നേതൃത്വം വഹിക്കാന്‍ ഒരു ഏകോപന സമിതിക്ക് രൂപം നല്‍കുന്നതിനോടൊപ്പം തന്നെ പുതിയ ലോഗോയും പ്രകാശനം ചെയ്തേക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാനും തങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാനുമുള്ള ചർച്ചകളും പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ നടത്തിയേക്കും. സഖ്യത്തിന്റെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനും രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടത്തുന്നതിനും സീറ്റ് വിഭജനത്തിനും സംയുക്ത പദ്ധതികൾ രൂപീകരിക്കുന്നതിനുമായി നേതാക്കൾ ഏതാനും പാനലുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അതേസമയം, 26 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിൽ കൂടുതൽ പ്രാദേശിക സംഘടനകൾ ചേരുമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം 27 പ്രതിപക്ഷ പാർട്ടികളും 62 പ്രതിനിധികളും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും. എ ഐ സി സി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മുംബൈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യമാണ് മുംബൈയിലെ യോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.












Click it and Unblock the Notifications