വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
ഹൈദരാബാദ്: തെലങ്കാനയിലെ ലോക്സഭ തിരഞ്ഞെടുപ്പിനെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് കെസിആർ കുടുംബത്തിന്റെ അസാന്നിധ്യമാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയില്‍ കെസിആറിന്റെ കുടുംബത്തില്‍ നിന്നും ഒരു അംഗം ഇല്ലാതെ പോകുന്ന ഒരു പാർലമെന്റായിരിക്കും ഇനി വരാന്‍ പോകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖർ റാവുവിൻ്റെ കുടുംബത്തില്‍ നിന്നും ഇത്തവണ ആരും മത്സരിക്കുന്നില്ല. രാജ്യസഭയിലും നിലവില്‍ കുടുംബത്തില്‍ നിന്നുള്ള ആരും അംഗമല്ല.
കെ ചന്ദ്രശേഖരറാവുവിന്റെ പാർലമെന്റിലെ സാന്നിധ്യം തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ അടക്കം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 2004-ൽ ടിആർഎസ് രൂപീകൃതമായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ റാവു തന്നെ കരിംനഗർ മണ്ഡലത്തിൽ നിന്നും ആലെ നരേന്ദ്ര മേഡക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ 2006ലും പിന്നീട് 2008ലും കരിംനഗറില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖർ റാവു വീണ്ടും വിജയിച്ചു. തെലങ്കാന വികാരം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു 2006 ലെ ഉപതിരഞ്ഞെടുപ്പ്.

തെലങ്കാനം വികാരത്തിന്റെ ശക്തി കുറവാണെന്ന് കണ്ട 2008-ൽ അദ്ദേഹം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന് നിർബന്ധിതനാകുകയായിരുന്നു. പക്ഷേ, 10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചത്. ഈ ചെറിയ മാർജിൻ 2009-ലെ തിരഞ്ഞെടുപ്പിൽ ടിആർഎസ്-ന് തെലുങ്ക് ദേശം പാർട്ടിയുമായി (ടിഡിപി) സഖ്യമുണ്ടാക്കി പോരാടേണ്ട സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്തു.
2009-ൽ മഹബൂബ് നഗറിലേക്ക് മാറിയ റാവു ടിഡിപി സഖ്യത്തിനൊപ്പം വീണ്ടും പാർലമെൻ്റിലെത്തി. പിന്നീടാണ് രാജശേഖര റെഡ്ഡിയുടെ പെട്ടെന്നുള്ള മരണവും തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും പുതിയ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിലേക്ക് നയിച്ചു. 2014ൽ മേദക് പാർലമെൻ്റ് സീറ്റിൽ നിന്നും ഗജ്‌വെൽ നിയമസഭ മണ്ഡലത്തിൽ നിന്നും റാവു മത്സരിച്ചു. പാർട്ടിക്ക് അധികാരം ലഭിച്ചതോടെ റാവു എംപി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായി.
2014 ലെ തിരഞ്ഞെടുപ്പില്‍ റാവിന്റെ മകള്‍ കെ കവിതയും നിസാമാബാദ് മണ്ഡലത്തിൽ നിന്നും വിജയിച്ച് പാർലമെന്റില്‍ എത്തിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ കവിത വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് റാവുവിൻ്റെ കുടുംബത്തിൻ്റെ പ്രാതിനിധ്യം 2019-ൽ ലോക്‌സഭയിൽ അവസാനിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിൻ്റെ അനന്തരവൻ സന്തോഷ് റാവു ജോഗിനപ്പള്ളി 2018-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിന്നു. അദ്ദേഹം തൻ്റെ ആറ് വർഷത്തെ കാലാവധി അടുത്തിടെയാണ് പൂർത്തിയാക്കിയത്.
ഇത്തവണ, അതായത് 20 വർഷത്തിനിടെ ആദ്യമായി, നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റാവുവിൻ്റെ കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി പോലും മത്സരിക്കുന്നില്ല. ഇതോടെ ലോക്‌സഭയിലോ രാജ്യസഭയിലോ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഉണ്ടാകില്ല. എന്നാൽ, അകന്ന ബന്ധുവായ ബി.വിനോദ് കുമാർ കരിംനഗർ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications