ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥി ഭീഷണികളും, പീഡനങ്ങളും നേരിട്ടു; പത്രിക പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്
ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനുമായി ജിത്തു പട്വാരി. ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥി അക്ഷയ് ഭാം ക്രൂരമായ പീഡനങ്ങളും ഭീഷണികള്‍ക്കും ഇരയായെന്നും, ഇതേ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതെന്നും പട്വാരി പറഞ്ഞു.
നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിന്റെ അവസാന ദിനമായ തിങ്കളാഴ്ച്ചയാണ് അക്ഷയ് ഭാം അത് പിന്‍വലിച്ചത്. മൂന്ന് ദിവസം മുമ്പ് ഭാമിനെതിരെയുള്ള പഴയൊരു കേസില്‍ കൊലപാതക ശ്രമത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്തിരുന്നു.

അദ്ദേഹത്തെ ഭയപ്പെടുത്തുകയാണ് ചെയ്തത്. ഒരൊറ്റ രാത്രിയില്‍ പല തരത്തിലാണ് അദ്ദേഹത്തെ പീഡിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ടതി വന്നതെന്നും പട്വാരി ആരോപിച്ചു.2007 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭാമും, പിതാവ് കാന്തിലാലും അടക്കമുള്ളവര്‍ വലിയ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് കൊലപാതക ശ്രമത്തിനുള്ള വകുപ്പും കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതികളിലൊരാള്‍ പരാതിക്കാരന് നേരെ വെടിയുതിര്‍ത്തെന്നാണ് ആരോപിക്കുന്നത്. മെയ് പത്തിന് ഭാമിനോടും പിതാവിനോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്ത് സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കണം. ഇത് കോണ്‍ഗ്രസും ബിജെപിയും എന്നതല്ല. ആര്‍ക്കെങ്കിലും വോട്ട് രേഖപ്പെടുത്തണമെങ്കില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണം. ഗുജറാത്തിലെ സൂറത്തിലും സമാനമായ കാര്യമാണ് നടന്നതെന്നും പട്വാരി പറഞ്ഞു.
സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്നാണിത്. ബിജെപി സ്വയം പ്രശംസ നടത്തുകയാണ്.
എന്നാല്‍ സൂറത്തിലെ ജനങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള എംപിയെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കാനാവില്ല. ആ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും പട്വാരി ചോദിച്ചു. ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications