കര്‍ക്കറെയെ കൊലപ്പെടുത്തിയത് കസബല്ല, ആര്‍എസ്എസ് അനുഭാവിയായ പോലീസുകാരനെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ സമയത്ത് രക്ഷാദൗത്യത്തിലൂടെ വീരനായകനായ ഹേമന്ദ് കര്‍ക്കറെയെ പാക് തീവ്രവാദിയായ അജ്മല്‍ കസബല്ല വധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കൂടിയാ വിജയ് നാംദേവ് റാവു വാഡേതിവാരാണ് ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ആര്‍എസ്എസ് വിധേയത്വമുള്ള പോലീസുകാരനാണ് രക്ഷാദൗത്യത്തിനിടെ കര്‍ക്കറെയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് വാഡേതിവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് നേതൃത്വം നല്‍കിയിരുന്നത് ഹേമന്ദ് കര്‍ക്കറെയായിരുന്നു. അന്ന് കര്‍ക്കറെയുടെ ദൗത്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ബിജെപിയുടെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഉജ്ജ്വല്‍ നിഗമിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു വാഡേതിവാര്‍ ഈ ആരോപണം ഉന്നയിച്ചത്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട വിചാരണയില്‍ നിഗമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. നിഗം ബിരിയാണിയുടെ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെ അപമാനിച്ചു.
ആരെങ്കിലും കസബിന് ബിരിയാണി നല്‍കുമോ? ഉജ്ജ്വല്‍ നിഗം അത് അംഗീകരിച്ചയാളാണ്. എന്ത് അഭിഭാഷകനാണ് ഉജ്ജ്വല്‍. കോടതിയില്‍ മൊഴി പോലും നല്‍കാത്ത രാജ്യദ്രോഹിയാണ്. മുംബൈ പോലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയെ വധിച്ചത് കസബിന്റെ തോക്കില്‍ നിന്ന് വന്ന വെടിയുണ്ടയല്ല, മറിച്ച് ആര്‍എസ്എസിനോട് കൂറുപുലര്‍ത്തിയ ഒരു പോലീസ് ഓഫീസറുടെ വെടിയുണ്ടയാണ് കര്‍ക്കറെയെ വധിച്ചതെന്നും വാഡേതിവാര്‍ പറഞ്ഞു.
കോടതിയില്‍ നിന്ന് സത്യം മറച്ചുവെച്ച ഒരാള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കുന്നത്. എന്തിനാണ് ബിജെപി ഈ രാജ്യദ്രോഹികളെ ബിജെപി പിന്തുണയ്ക്കുന്നതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. അതേസമയം വാഡേതിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് എന്ത് തരംതാണ കാര്യവും ചെയ്യും. അത് അവരുടെ പ്രത്യേക വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനാണെന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പറഞ്ഞു.
മുതിര്‍ന്ന നേതാവായ വിജയ് വാഡേതിവാര്‍ മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. കസബല്ല കര്‍ക്കറെയെ വെടിവെച്ചതെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദികളെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് നാണക്കേട് തോന്നുന്നില്ലേ? കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പാകിസ്താനില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നത് എന്തിനാണെന്ന് ഇന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും വിനോദ് താവ്‌ഡെ പറഞ്ഞു.
അതേസമയം വിവാദമായതിന് പിന്നാലെ വാഡേതിവാര്‍ വിശദീകരണവുമായി രംഗത്ത് വന്നു. എസ്എം മുഷ്‌റിഫ് പുറത്തിറക്കിയ പുസ്തകത്തിലുള്ളതാണ് ഇക്കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തില്‍ വിവരങ്ങളുണ്ട്. കസബിന്റെ വെടിയുണ്ടയല്ല കര്‍ക്കറെയുടെ ജീവനെടുത്തത്.
ഹൂ കില്‍ഡ് കര്‍ക്കറെ എന്ന പുസ്തകം മുഷ്‌റിഫാണ് രചിച്ചത്. മുന്‍ മഹാരാഷ്ട്ര ഐജിയാണ് അദ്ദേഹം. എന്‍സിപി നേതാവ് ഹസന്‍ മുഷ്‌റിഫിന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. അജ്മല്‍ കസബിനെ തൂക്കിക്കൊല്ലുക വലിയ കാര്യമല്ല. ഏതൊരു സാധാരണ അഭിഭാഷകനും അത് സാധ്യമാകുമെന്നും വാഡേതിവാര്‍ പറഞ്ഞു.












Click it and Unblock the Notifications