സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്, പരാതിക്കാരന്‍ പറയുന്നത്
ലഖ്‌നൗ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍ പ്രദേശ് കോടതിയുടെ നോട്ടീസ്. വിഡി സവര്‍ക്കെര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് ലഖ്‌നൗ ജില്ലാ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നവംബറില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി കഴിഞ്ഞ ജൂണില്‍ കോടതി തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ചാണ് കോടതി തള്ളിയത്. ഇതിനെതിരെ ഹര്‍ജിക്കാരന്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ബന്ധപ്പെട്ട ഹര്‍ജി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരീഷ് കുമാര്‍ ശ്രീവാസ്തവ കഴിഞ്ഞ ജൂണില്‍ തള്ളിയിരുന്നു. ഇതിനെതിരെ പാണ്ഡെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
നവംബര്‍ ഒന്നിനാണ് ലഖ്‌നൗ കോടതി കേസ് പരിഗണിക്കുക. സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ നവംബര്‍ 17ന് സവര്‍ക്കറെ മോശമാക്കി സംസാരിച്ചത് എന്ന് പരാതിക്കാരന്‍ പറയുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നുവെന്നും ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി എന്ന് പരാതിയില്‍ പറയുന്നു.
സവര്‍ക്കര്‍ ദേശീയ വാദിയായിരുന്നു. ഭയമില്ലാത്ത സ്വാതന്ത്യ സമര സേനാനിയായിരുന്നു. ഭാരത മാതാവിനെ ബ്രിട്ടീഷുകാരുടെ അക്രമത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്. അങ്ങനെയുള്ള വ്യക്തിയെ ആണ് രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയത്. മോശം വാക്കുകളാണ് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്- പാണ്ഡെ പരാതിയില്‍ പറയുന്നു.
മഹാത്മാ ഗാന്ധിജി പോലും സവര്‍ക്കറെ രാജ്യസ്‌നേഹി എന്നാണ് വിളിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി മറിച്ചാണ് പറയുന്നത്. സമൂഹത്തിലെ ഐക്യം ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തനിക്ക് മാനസികമായി ഏറെ പ്രശ്‌നങ്ങളുണ്ടാക്കി എന്നും പരാതിക്കാരനായ പാണ്ഡെ കോടതിയെ ബോധിപ്പിച്ചു. പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ വലിയ ചര്‍ച്ചയാകും.
ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിലവില്‍ കേസുണ്ട്. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ഒന്നിലധികം കേസുണ്ട്. മോദി വിരുദ്ധ പരാമര്‍ശത്തില്‍ ഗുജറാത്തിലെ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചിരുന്നു എങ്കിലും മേല്‍ക്കോടതി ശിക്ഷ റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ സൂറത്ത് ജില്ലാ കോടതിയിലാണ്.












Click it and Unblock the Notifications