ലുലു ഗ്രൂപ്പിന് ഒരിക്കല്‍ കൂടി തിരിച്ചടിയോ? ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സർക്കാറിന് നിർദേശം
വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കുന്നതില്‍ ഇടപെടലുമായി ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ധീരജ് സിംഗ് താക്കൂർ, ജസ്റ്റിസ് ചീമലപതി രവി എന്നിവരടങ്ങിയ ബെഞ്ച് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെതിരായി നല്‍കിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നത് വേനൽക്കാല അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
13.83 ഏക്കർ ഭൂമി നാമമാത്രമായ വിലയിൽ ലുലു ഗ്രൂപ്പിന് നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പക സത്യനാരായണ എന്നയാളാണ് പൊതുതാല്‍പര്യ ഹർജി സമർപ്പിച്ചത്. ഭൂമി നാമമാത്ര വിലയിൽ നൽകാനുള്ള തീരുമാനം സുതാര്യമല്ലെന്നും നേരത്തെ ലുലു ഗ്രൂപ്പിന് നൽകിയ ഭൂമി അനുമതി 2019-ൽ റദ്ദാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും അനുമതി നല്‍കുന്നതിന്റെ യുക്തി എന്താണെന്നും സത്യനാരായണ ഹർജിയിലൂടെ ചോദിക്കുന്നു.

ആഗോള ടെൻഡർ വിളിക്കാതെ ഭൂമി അനുവദിച്ചതിനെതിരെ അതിശക്തമായ വാദങ്ങളാണ് ഹർജിക്കാരനെ പ്രതിനിധീകരിച്ച അഡ്വ. അശോക് റാം ഉന്നയിച്ചത്. സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെ എം കൃഷ്ണ റെഡ്ഡി ഭൂമി അനുവദിക്കുന്നതിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ പരിഗണനയിലിരിക്കുന്ന കാര്യം മാത്രമാണെന്നും ഹൈക്കോടതിയില്‍ അറിയിച്ചു.
ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്തെ ഭൂമി ആദ്യമായി അനുവദിക്കുന്നത് 2017 ലെ ടി ഡി പി സർക്കാരാണ്. 13.83 ഏക്കർ ഭൂമി 33 വർഷത്തെ ലീസിന് നല്‍കാനായിരുന്നു ആദ്യ തീരുമാനം. ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഷോപ്പിംഗ് മാൾ, ഫൈവ്-സ്റ്റാർ ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന വന്‍ പദ്ധതി ഇവിടെ ലുലു ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. മൊത്തം 2200 കോടിയുടെ പദ്ധതിയായിരുന്നു ലുലുവിന്റേത്.
2018 ഫെബ്രുവരിയിൽ, അന്നത്തെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ശിലാസ്ഥാപനവും നടന്നു. എന്നാൽ ഭൂമി അനുവദിച്ചത് സുതാര്യമല്ലെന്നും, ഒറ്റ ബിഡ്ഡർ മാത്രമുള്ള ടെൻഡർ പ്രക്രിയയിലൂടെ ഭൂമി വളരെ കുറഞ്ഞ വിലയിൽ നൽകിയെന്നും ആരോപണങ്ങൾ ഉയർന്നു. 50 കോടിയിൽ അധികം രൂപ വിലവരുന്ന ഭൂമി 4 ലക്ഷം രൂപക്കായിരുന്നു ലുലുവിന്റെ കൈമാറിയതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
2019-ൽ, വൈ എസ് ആർ കോൺഗ്രസ് പാർട്ടി (YSRCP) സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ ഇടപാട് റദ്ദാക്കി. ടി ഡി പി സർക്കാർ ലുലുവിന് നിയമവിരുദ്ധമായി ഭൂമി നൽകിയെന്നും, കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) നിയമങ്ങൾ ലംഘിച്ചെന്നുമായിരുന്നു വൈ എസ് ആർ സി പിയുടെ ആരോപണം. ഈ ഇടപാടിലൂടെ പൊതു ഖജനാവിന് വലിയ നഷ്ടമുണ്ടയി എന്ന തരത്തിലുള്ള വിവാദങ്ങളും ശക്തമായിരുന്നു. ഭൂമി ഇടപാട് റദ്ദാക്കിയത് കേന്ദ്ര-സംസ്ഥാന നിയമങ്ങൾ ലംഘിച്ചതിനാലാണെന്നായിരുന്നു അന്നത്തെ വകുപ്പ് മന്ത്രി പെർനി വെങ്കട്രാമയ്യ വ്യക്തമാക്കിയത്
വിശാഖപട്ടണത്തെ ഭൂമി അനുമതി റദ്ദായിക്കയതിന് പിന്നാലെ ലുലു ഗ്രൂപ്പ്, ആന്ധ്രാപ്രദേശിൽ പുതിയ നിക്ഷേപങ്ങൾ നടത്തില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പിന്‍വാങ്ങി. എന്നാല്‍ കഴിഞ്ഞ വർഷം ടി ഡി പി സർക്കാർ വീണ്ടും അധികാരത്തില്‍ വന്നതോടെ ലുലു ഗ്രൂപ്പിന് വീണ്ടും ഭൂമി നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. . 99 വർഷത്തെ ലീസിന് ഭൂമി നൽകാനും, വൈദ്യുതി, വെള്ളം, റോഡുകൾ, രജിസ്ട്രേഷൻ ചാർജ് ഇളവുകൾ, നികുതി ഇളവുകൾ എന്നിവ വാഗ്ദാനം ചെയ്യാനും സർക്കാർ തീരുമാനിച്ചുവെന്നുമാണ് ആരോപണം.












Click it and Unblock the Notifications