ലുലു ഗ്രൂപ്പ് മുടക്കിയത് 518 കോടി: പക്ഷെ ഗുജറാത്തിലെ ആ ഭൂമിയില്‍ പുതിയ പ്രശ്നം, വിട്ടുകിട്ടില്ലേ
അഹമ്മദബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വന്തം ഹൈപ്പർ മാർക്കറ്റ് ശ്രേണി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകളുടെ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. കോഴിക്കോട്, പാലക്കാട് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍ വരും. കേരളത്തിന് പുറത്താണെങ്കില്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ലുലു ഗ്രൂപ്പ് ഏറ്റവും പുതിയ മാള്‍ പണിയാന്‍ പോകുന്നത്.
സ്വന്തമായി സ്ഥലം വാങ്ങി, രാജ്യത്തെ ഏറ്റവും വലിയ മാള്‍ തന്നെയാണ് ഗുജറാത്തില്‍ പണിയാന്‍ പോകുന്നത്. അടുത്തിടെ നടന്ന ലേലത്തില്‍ 518 കോടി രൂപ ചിലവഴിച്ചുകൊണ്ട് ലുലു ഇൻ്റർനാഷണൽ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനില്‍ നിന്നും ഭൂമി വാങ്ങിയത്. അതേസമയം ഈ ഇടപാടില്‍ ഇപ്പോള്‍ ചില തടസ്സങ്ങള്‍ രൂപപ്പെട്ടിരിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പ്ലോട്ടിൻ്റെ പൂർണ്ണമായ ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ, വാങ്ങുന്നയാൾക്ക് ഭൂമിയുടെ മുഴുവൻ കൈവശാവകാശവും നൽകാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനി കഴിഞ്ഞിട്ടില്ല. ഇതാണ് ഇടപാടില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയത്.
"ചന്ദ്ഖേഡയിലെ 66,168 ചതുരശ്ര മീറ്റർ പ്ലോട്ട് ഒരു ചതുരശ്ര മീറ്ററിന് 78,500 രൂപ നിരക്കിൽ ലുലു ഇൻ്റർനാഷണൽ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന് വിൽക്കും. എന്നാല്‍ ഈ പ്ലോട്ടിൻ്റെ ഏകദേശം 10,672 ചതുരശ്ര മീറ്ററിൽ നിലവിൽ കൃഷി നടക്കുന്നുണ്ട്, കൂടാതെ മുഴുവൻ പ്ലോട്ടിൻ്റെയും പൂർണ ഉടമസ്ഥാവകാശം അഹമ്മദബാദ് മുന്‍സിപ്പല്‍ കോർപ്പറേഷന്‍ ഇതുവരെ നേടിയിട്ടില്ല" എന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച വിൽപ്പന നിർദ്ദേശത്തിൽ പറയുന്നത്
ജൂൺ 18 നായിരുന്നു എഎംസി ചന്ദ്ഖേഡയിലേയും മൊട്ടേരയിലേയും അഞ്ച് പ്ലോട്ടുകൾ ലേലം ചെയ്തത്. ലുലു ഇൻ്റർനാഷണൽ ചന്ദ്ഖേഡ പ്ലോട്ടിന് ഏറ്റവും കൂടുതൽ വില നല്‍കി. അടിസ്ഥാന വിലയായ 502.87 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 519 കോടി രൂപയാണ് കമ്പനി നല്‍കിയത്. 99 വർഷത്തെ പാട്ടത്തിന് പകരം ഈ പ്ലോട്ടുകൾ വിൽക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നു. ലുലുവുമായുള്ള 519 കോടി രൂപയുടെ ഇടപാട് അടക്കം ജൂണിലെ എല്ലാ പ്ലോട്ടുകളുടെയും ലേലത്തിൽ നിന്ന് എഎംസിക്ക് 937 കോടി രൂപ ലഭിക്കേണ്ടതായിരുന്നു.
ഈ പ്ലോട്ടുകളിൽ ഭൂരിഭാഗത്തിനും ലേലം നടത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചന്ദ്ഖേഡയിലെ ലുലു ഗ്രൂപ്പിന് വിറ്റ ഭൂമി സംബന്ധിച്ച സങ്കീർണതകളാണ് കാലതാമസത്തിന് പ്രധാന കാരണം.
കരാർ ഒപ്പിട്ടെങ്കിലും, പ്ലോട്ടിൻ്റെ പൂർണ്ണമായ കൈവശം എഎംസി ഇതുവരെ കൈമാറാൻ തയ്യാറായിട്ടില്ല. കമ്പനിക്ക് ലേലം ചെയ്ത 66,168 ചതുരശ്ര മീറ്ററിൽ 55000 ചതുരശ്ര മീറ്റർ സ്ഥലം ലുലുവിന് കൈമാറാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കോർപ്പറേഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
കോർപ്പറേഷൻ ജൂണിൽ 22 പ്ലോട്ടുകൾ ലേല ബ്ലോക്കിൽ വെച്ചിരുന്നു. ഇതില്‍ ആറെണ്ണത്തിലാണ് ലേലം നടന്നത്. "സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർണായക നടപടിക്രമം ഇപ്പോഴും കാത്തിരിക്കുകയാണ്. ഡീലുകൾ അന്തിമമാക്കുന്നതിലെ കാലതാമസം പൈപ്പ്ലൈനിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളെ ബാധിക്കും." എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Click it and Unblock the Notifications