മധ്യപ്രദേശിൽ കോൺഗ്രസിന് പുതിയ പ്രതിസന്ധി; 3-ാം ശ്രമം വിജയിപ്പിക്കാനൊരുങ്ങി ദേശീയ നേതൃത്വം
ഭോപ്പാൽ: ഒരിടവേളയ്ക്ക് ശേഷം മധ്യപ്രദേശ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാനത്ത് പുതിയ കോൺഗ്രസ് അധ്യക്ഷന്റെ നിയമനം വൈകുന്നതോടെയാണ് പാർട്ടിക്കുള്ളിൽ നിന്നും എതിർ സ്വരങ്ങൾ ശക്തമാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അധ്യക്ഷൻ ആക്കണമെന്ന ആവശ്യം ഉയർത്തി കൂടുതൽ പേർ രംഗത്ത് എത്തിയിരിക്കുകയാണ്.
കമൽനാഥ് സർക്കാരിലെ മന്ത്രിയായ ലഖാൻ സിംഗ് യാദവാണ് ഏറ്റവും ഒടുവിലായി ഭിന്നസ്വരം ഉയർത്തിയിരിക്കുന്നത്. കമൽനാഥിനെ എത്രയും വേഗം പിസിസി അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയില്ലെങ്കിൽ പാർട്ടി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്നാണ് ലഖാൻ സിംഗിന്റെ മുന്നറിയിപ്പ്.

രൂക്ഷ വിമർശനം
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ലഖാൻ സിംഗ് യാദവ് ഉന്നയിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് ആണെങ്കിലും മധ്യപ്രദേശിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബലമാണെന്ന് ലഖാൻ യാദവ് ആരോപിക്കുന്നു. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനമായ പരിശ്രമം ആവശ്യമാണ്. അടുത്ത പിസിസി അധ്യക്ഷന് മുമ്പിൽ ഒരു പാട് വെല്ലുവിളികളുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.

സിന്ധ്യ വരണം
കമൽ നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ലഖാൻ സിംഗ്. സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യനായ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. അദ്ദേഹം ചെറുപ്പമാണ്. മധ്യപ്രദേശിൽ കോൺഗ്രസിനെ ശക്തപ്പെടുത്താൻ ജ്യോതിരാദിത്യ സിന്ധ്യ വരേണ്ടത് അത്യാവശ്യമാണെന്നും ലഖാൻ സിംഗ് പറയുന്നു.

പുതിയ അധ്യക്ഷൻ
ഭിതാവർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ലഖാൻ സിംഗ് യാദവ്. സിന്ധ്യാ ക്യാംപിലെ പ്രമുഖനാണ് മന്ത്രികൂടിയായ ലഖാൻ സിംഗ്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാബുവ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതോടെ സംസ്ഥാനത്ത് പുതിയ കോൺഗ്രസ് അധ്യക്ഷനെ സോണിയാ ഗാന്ധി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.

സോണിയ തീരുമാനിക്കും
അതേസമയം മധ്യപ്രദേശിൽ പാർട്ടി ദുർബലമാണെന്ന ലഖാൻ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെ മാധ്യമ വിഭാഗം ഉപാധ്യക്ഷൻ അഭയ് ദുബെ രംഗത്ത് വന്നു. സംസ്ഥാനത്ത് പാർട്ടി ശക്തമാണെന്നതിന്റെ തെളിവാണ് ജബുവ മണ്ഡലത്തിലെ വിജയമെന്ന് അഭയ് ദുബെ പറഞ്ഞു. പുതിയ പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം എഐസിസി പ്രസിഡന്റ് എടുക്കുമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രമം വിഫലം
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ രണ്ട് തവണയാണ് മധ്യപ്രദേശിൽ പുതിയ അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വം ശ്രമം നടത്തിയത്. എന്നാൽ പാർട്ടിയിലെ ഉൾപ്പോരുകൾ മൂലം ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കമൽനാഥിനെ പിസിസി അധ്യക്ഷനാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുകയും കമൽനാഥ് മുഖ്യമന്ത്രിയാവുകയുമായിരുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഇതോടെ കമൽനാഥ് സർക്കാരിന്റെ ഭരണ പരാജയമാണ് തിരിച്ചടിക്ക് കാരണമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചു.

കമൽ നാഥ് തുടരണം
മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാവിനെ പിസിസി അധ്യക്ഷനായി നിയമിക്കാൻ രാഹുൽ ഗാന്ധി നീക്കം നടത്തിയിരുന്നെങ്കിലും സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിന്റെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ചു. സോണിയാ ഗാന്ധി അധികാരത്തിൽ എത്തിയെങ്കിലും പാർട്ടിയിലെ ഉൾപ്പോരുകൾ മൂലം തീരുമാനം വൈകി.

ഭിന്നത രൂക്ഷം
മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗും സംസ്ഥാനത്തെ വനം വകുപ്പ് മന്ത്രി ഉമങ് സെൻഗാറും തമ്മിലുണ്ടായ പോരാട്ടം പ്രശ്നങ്ങൾ സങ്കീർണമാക്കി. ദ്വിഗ് വിജയ് സിംഗ് സമാന്തര സർക്കാർ നടത്തുകയാണെന്നത് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ ഉമാങ് സെൻഗാർ ഉന്നയിച്ചത്. ഇതോടെ കമൽനാഥ് തന്നെ പിസിസി അധ്യക്ഷനായി തുടരാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications