ആശുപത്രിയിൽ കയറി ഗുണ്ടാസംഘം രോഗിയെ വെട്ടിക്കൊലപ്പെടുത്തി: പ്രതികളെ തപ്പി പോലീസ്
മധുരൈ: തമിഴ്നാട്ടിൽ ആശുപത്രിയിൽ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലാണ് സംഭവം. ജനറൽ വാർഡിൽ വെച്ച് മറ്റ് രോഗികളുടെ മുമ്പിൽ വെച്ചാണ് കുറ്റകൃത്യം നടത്തിയിട്ടുള്ളത്. വടിവാളുമായി ആശുപത്രിയിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. മുരുകൻ എന്നയാളാണ് മരിച്ചത്.
ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കാണാതെ അഞ്ചംഗ ഗുണ്ടമാണ് കുറ്റകൃത്യം നടത്തിയത്. ജനറൽ വാർഡിനുള്ളിൽ പ്രവേശിച്ച അക്രമികൾ ഉടൻ തന്നെ വാർഡ് അകത്ത് നിന്ന് പൂട്ടിയാണ് മുരുകനെ ആക്രമിച്ചത്. വെട്ടേറ്റ് നിലത്ത് വീണ യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോയത്. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. വാർഡിലുണ്ടായിരുന്ന രോഗികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് അക്രമികൾ യുവാവിനെ ക്രൂരമായി കൺമുമ്പിലിട്ട് വെട്ടിക്കൊന്നത്.

കൊലപാതക കേസിലെ പ്രതിയായ മുരുകൻ മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങുന്നത്. രാജശേഖരൻ എന്നയാളെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട മുരുകൻ. എന്നാൽ കൊലപാതകത്തിൽ കലാശിച്ചത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ കേസിലെ ഒന്നാം പ്രതിയുടെ വീടും ഇതേ സംഘം ആക്രമിച്ചിരുന്നു. മുരുകൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് വിവമറിഞ്ഞതോടെയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് സൂചന. നഗരത്തിൽ അതീവ സുരക്ഷയുള്ള ആശുപത്രിയിലാണ് രോഗികളിൽ ഒരാൾ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുള്ളത്. ആശുപത്രിയിൽ നിന്ന് ലഭിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications