മധ്യപ്രദേശിൽ കോൺഗ്രസിന് ബംബർ, സിന്ധ്യയോട് മധുരപ്രതികാരം, ബിജെപിയെ വീഴ്ത്തുമെന്ന് സർവ്വേ
ഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപിക്ക് ഇക്കുറി അധികാരം നിലനിര്‍ത്താനാകില്ലെന്ന് സര്‍വ്വേ ഫലം. സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയാണ് സംസ്ഥാനത്ത് ബിജെപിക്ക് പരാജയം പ്രവചിച്ചിരിക്കുന്നു. അധികാരം പിടിക്കാന്‍ വളരെയേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലം.
മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 129 മുതല്‍ 136 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടാനാണ് സാധ്യത എന്നാണ് സ്‌മോള്‍ ബോക്‌സ് ഇന്ത്യ സര്‍വ്വേ പ്രവചിക്കുന്നു. 44 ശതമാനം വോട്ട് ആണ് കോണ്‍ഗ്രസ് സ്വന്തമാക്കുക. ബിജെപിക്ക് 42 ശതമാനം വോട്ട് ലഭിക്കും. 82 മുതല്‍ 89 വരെ സീറ്റുകളാണ് ഭരണകക്ഷിയായ ബിജെപി നേടുക.

മറ്റ് പാര്‍ട്ടികള്‍ 1 മുതല്‍ 5 സീറ്റുകള്‍ വരെ സ്വന്തമാക്കും. 14 ശതമാനം വോട്ടാണ് മറ്റുളളവര്‍ക്ക് ലഭിക്കുക. അടുത്തിടെ പുറത്ത് വന്ന ടൈംസ് നൗ-നവ്ഭാരത് ഇടിജി സര്‍വ്വേയും സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മത്സരം നടക്കുമെങ്കിലും 118 മുതല്‍ 128 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 102 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. മറ്റു പാര്‍ട്ടികള്‍ക്ക് 2 സീറ്റ് വരെ ലഭിച്ചേക്കാം.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തില്‍ എത്തിയത്. 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് കോണ്‍ഗ്രസ് അന്ന് അന്ത്യം കുറിച്ചത്. 114 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് ലഭിച്ചത് 109 സീറ്റുകള്‍ ആയിരുന്നു.
മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ ആയുസ്സ് പക്ഷേ 15 മാസം മാത്രമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന പോര് സര്‍ക്കാരിനെ വീഴ്ത്തി. ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലുളള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സിന്ധ്യ ബിജെപിയിലേക്ക് കൂറുമാറി. കോണ്‍ഗ്രസില്‍ നിന്ന് 22 എംഎല്‍എമാരെയും അടര്‍ത്തിയെടുത്ത് കൊണ്ടായിരുന്നു സിന്ധ്യയുടെ പോക്ക്.
രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന സിന്ധ്യയുടെ നീക്കം കോണ്‍ഗ്രസിന് വലിയ അടിയായിരുന്നു. തുടര്‍ന്ന് കമല്‍നാഥ് സര്‍ക്കാര്‍ രാജി വെയ്ക്കുകയും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇക്കുറി വിജയിക്കാനായാൽ കോൺഗ്രസിന് അത് മധുരപ്രതികാരം കൂടിയാണ്.












Click it and Unblock the Notifications