'ശ്രീരാമനെ ലങ്കയിലെത്തിച്ചത് ആദിവാസികള്‍'; ഹനുമാന്‍ ആദിവാസിയെന്നും കോണ്‍ഗ്രസ് എംഎല്‍എ
ഭോപ്പാല്‍: ഹനുമാനെ ആദിവാസി എന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശിലെ മുന്‍ വനം മന്ത്രിയും ധാര്‍ ജില്ലയിലെ ഗന്ധ്വാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയുമായ ഉമംഗ് സിംഗാര്‍. ഹൈന്ദവ വിശ്വാസത്തിലെ ഇതിഹാസമായ രാമായണത്തില്‍ കുരങ്ങന്മാരായി ചിത്രീകരിക്കപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ ഗോത്രവര്‍ഗക്കാരായിരുന്നു എന്നാണ് ഉമംഗ് സിംഗാര്‍ പറയുന്നത്.
ആദിവാസി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിര്‍സ മുണ്ടയുടെ 123-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ധാര്‍ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയത് ആദിവാസികളാണ് എന്നും എന്നാല്‍ ചിലര്‍ കഥകളില്‍ എഴുതിയത് അത് വാനരസേന ആയിരുന്നു എന്നാണ് എന്നും ഉമംഗ് സിംഗാര്‍ കൂട്ടിച്ചേര്‍ത്തു.

'യഥാര്‍ത്ഥത്തില്‍ കുരങ്ങുകള്‍ ഇല്ലായിരുന്നു. അവര്‍ ആദിവാസികളായിരുന്നു, അവര്‍ കാട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഹനുമാനും ആദിവാസിയായിരുന്നു', ഉമംഗ് സിംഗാര്‍ പറഞ്ഞു. നമ്മളെല്ലാവരും അവരുടെ പിന്‍ഗാമികളാണ് എന്നും അതില്‍ അഭിമാനിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഉമംഗ് സിംഗാറിനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തി.
ഹനുമാനെ അപമാനിക്കുന്ന പ്രസ്താവനയാണ് ഉമംഗ് സിംഗാര്‍ നടത്തിയത് എന്ന് മധ്യപ്രദേശ് ബിജെപി വക്താവ് ഹിതേഷ് ബാജ്പേയ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് ഹനുമാനെ ദൈവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് ക്യാബിനറ്റ് മന്ത്രിയല്ലേ അദ്ദേഹം എന്നും ഹിതേഷ് ചോദിച്ചു.
ഹനുമാനെ കുറിച്ച് ഇങ്ങനെയാണോ കോണ്‍ഗ്രസ് ധരിച്ച് വെച്ചിരിക്കുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണോ കോണ്‍ഗ്രസ് കത്തോലിക്കാ പുരോഹിതരുടെ ഭാഷ സംസാരിക്കുന്നത് എന്നും മതപരിവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം ഇരുവരുമോടായി ചോദിച്ചു.
കഴിഞ്ഞ മാസം മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എ അര്‍ജുന്‍ സിംഗ് കക്കോഡിയ ഹനുമാനെ ആദിവാസി എന്ന് വിളിച്ചിരുന്നു. സിയോനി ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ കമല്‍നാഥിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ ആയിരുന്നു അര്‍ജുന്‍ സിംഗ് കക്കോഡിയുടെ പരാമര്‍ശം.












Click it and Unblock the Notifications