ഈ 66 മണ്ഡലങ്ങളിൽ ബിജെപിയെ പൂട്ടും, കളത്തിലിറങ്ങി ദിഗ് വിജയ് സിംഗ്; മധ്യപ്രദേശിൽ തന്ത്രമൊരുക്കി കോൺഗ്രസ്
ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഏത് വിധത്തിലും ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. കർണാടക പിടിച്ച മാതൃക തന്നെയാണ് പാർട്ടി സംസ്ഥാനത്തും നടപ്പാക്കാനൊരുങ്ങുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനമടക്കമുള്ള നടപടികൾ നേതൃത്വം വേഗത്തിലാക്കും. അതിനിടയിൽ ബി ജെ പി കോട്ടകൾ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങളും കോൺഗ്രസ് മെനയുന്നുണ്ട്. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനാണ് മണ്ഡലങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.
ബി ജെ പിയുടെ കുത്തക മണ്ഡലങ്ങളായ 66 ഇടത്താണ് കോൺഗ്രസ് പ്രത്യേക ശ്രദ്ധ നൽകുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ മണ്ഡലമായ ബുദ്നി , ശിവപുരി (യശോദര രാജെ സിന്ധ്യ), രേഹ്തി സീറ്റ് (ഗോപാൽ ഭാർഗവ) , ഖുരി (ഭൂപേന്ദ്ര സിംഗ്) , ബദ്‌നാവർ (രാജ്വർദ്ധൻ സിംഗ് ദത്തിഗാവ് ), മുംഗൊലി, ശിവപുരി, ഗുണ, ഉജ്ജൈൻ നോർത്ത്, ഉജ്ജൈൻ സൗത്ത്, അശോക്നഗർ, സാഗർ, ജബൽപൂർ കാന്റ്, ഖണ്ട്വ, സാഞ്ചി എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ഇതിനോടകം തന്നെ സിംദ് മണ്ഡലങ്ങൾ സന്ദർശിക്കുകയും പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്ത് മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പരമാവധി ആളുകളിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സിംഗ് നേതാക്കൾക്ക് നിർദ്ദേശം നൽകി. മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളേയും നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന് പലപ്പോഴും വെല്ലുവിളി തീർക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിർദ്ദേശവും ദിഗ് വിജയ് സിംഗ് നൽകുന്നു.
അതേസമയം ഇതുവരെ 106 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളേയും കോൺഗ്രസ് തീരുമാനിച്ച് കഴിഞ്ഞു. ബി ജെ പിയുടെ കോട്ടകൾ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് പ്രത്യേക സർവ്വേയിലൂടെ കണ്ടെത്തിയത്. കർണാടകയിൽ സമാന രീതിയിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തിയത്. സ്ഥാനാർത്ഥിത്വം വേഗത്തിലാക്കിയതോടെ മണ്ഡലങ്ങളിൽ വളരെ പെട്ടെന്ന് തന്നെ പ്രചരണം ശക്തമാക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശിലും നേരത്തേ തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തിയത്. പേരുകൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്നും അതേസമയം മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങൾ നേതാക്കൾ വളരെ വേഗത്തിൽ തന്നെ ആരംഭിക്കുമെന്നും നേതൃത്വം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് ആയിരുന്നു വിജയിച്ചത്. എന്നാൽ ഓപ്പറേഷൻ താമരയിലൂടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ബി ജെ പി താഴെയിറക്കുകയായിരുന്നു.












Click it and Unblock the Notifications