യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു.. പണം തിരഞ്ഞെടുപ്പ് വിജയത്തിന്; കോണ്‍ഗ്രസിനെതിരെ മോദി
മുംബൈ: രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും അതുവഴി ലഭിക്കുന്ന പണം തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുടെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു
ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോണ്‍ഗ്രസ് നേതാവാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ രണ്ടിന് ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ഡല്‍ഹി പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധമുണ്ട് എന്നാണ് ആരോപണം. തുഷാര്‍ ഗോയലുമായുള്ള ബന്ധം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ 2022 വരെ താന്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലില്‍ അദ്ദേഹം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്‍ ചെയര്‍മാന്‍ എന്നാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ 2022 ഒക്ടോബറില്‍ തുഷാര്‍ ഗോയലിനെ ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് വിവരാവകാശ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. അതിനുശേഷം പാര്‍ട്ടിയുമായി ഒരു ബന്ധവും അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം വളര്‍ത്തിയെടുക്കുകയാണെന്നും അര്‍ബന്‍ നക്സലുകളുടെ സംഘമാണ് ആ പാര്‍ട്ടിയെ നയിക്കുന്നതെന്നും മോദി ആരോപിച്ചു. രാജ്യത്തെ വിഭജിക്കുക എന്ന തങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം സമുദായങ്ങളെ പരസ്പരം പോരടിപ്പിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ഈ അപകടകരമായ അജണ്ടക്കെതിരെ ഒന്നിക്കണം എന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ ചിന്താഗതി ആദ്യം മുതലേ വൈദേശീമായിരുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഭരണം പോലെ കോണ്‍ഗ്രസ് കുടുംബവും ദളിതരെയും പിന്നാക്ക സമുദായങ്ങളെയും ആദിവാസികളെയും തുല്യരായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളുമായി കോണ്‍ഗ്രസ് എത്രമാത്രം അടുത്ത് നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും കാണാനാകും എന്നും മോദി പറഞ്ഞു.
ദളിതരെയും ആദിവാസികളെയും എല്ലാ കാലവും ദരിദ്രരായി നിലനിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നും മോദി പറഞ്ഞു. ഇന്ത്യ ഒരു കുടുംബം മാത്രം ഭരിക്കണമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവര്‍ എപ്പോഴും അവഗണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications