ബിജെപിയുടെ സീറ്റുകള്‍ ലോക്ക് ചെയ്തു; 47 സീറ്റില്‍ ശിവസേന-എന്‍സിപി തര്‍ക്കം
മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയുടെ ഭാഗമായ മഹായുതിയില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി. ആകെയുള്ള 288 സീറ്റില്‍ 241 സീറ്റിലും സീറ്റ് വിഭജനം പൂര്‍ത്തിയായി എന്നാണ് വിവരം. അതേസമയം 47 സീറ്റില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഭൂരിഭാഗം സീറ്റിലും സമവായമുണ്ടാക്കിയത്. എന്നാല്‍ സഖ്യകക്ഷികളില്‍ ഒന്നിലധികം പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിക്കുന്ന 47 സീറ്റുകള്‍ ഇപ്പോഴും ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ സീറ്റുകളില്‍ ശിവസേനയും എന്‍സിപിയും ആണ് അവകാശവാദം ഉന്നയിക്കുന്നത്. അത് പരിഹരിക്കാന്‍ ഈ പാര്‍ട്ടികള്‍ തന്നെ ശ്രമിക്കുകയാണെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 288 സീറ്റുകളില്‍ ബിജെപി 140 മുതല്‍ 150 സീറ്റുകളിലും ശിവസേന 80 മുതല്‍ 90 സീറ്റുകളിലും എന്‍സിപി 40 മുതല്‍ 50 വരെ സീറ്റുകളിലും മത്സരിക്കും എന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാനത്തെ എല്ലാ മേഖലകളിലും മത്സരിക്കുന്നുണ്ട്. എന്‍സിപിയും ശിവസേനയും അവരുടെ സ്വാധീന മേഖലകളില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനായാണ് ശ്രമിക്കുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ച് സമവായത്തിലെത്താന്‍ മൂന്ന് പാര്‍ട്ടികളും ഓരോ നിയമസഭാ സീറ്റുകളിലും ഒരു കോ-ഓര്‍ഡിനേറ്ററെ നിയോഗിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഘത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ എത്തിച്ചിട്ടുണ്ട്. 46 നിയമസഭാ സീറ്റുകളുള്ള മറാത്ത്വാഡ മേഖലയില്‍ തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളെ ചുമതലപ്പെടുത്തി.
വിദര്‍ഭ മേഖലയിലെ 62 സീറ്റുകളില്‍ മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളെയും പശ്ചിമ മഹാരാഷ്ട്രയിലെ 58 സീറ്റുകളില്‍ കര്‍ണാടകയിലെ ബിജെപി ഭാരവാഹികളടങ്ങുന്ന സംഘത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ 47 സീറ്റുകളും മുംബൈ മേഖലയിലെ സീറ്റുകളുടെ ഒരു ഭാഗവും ഗുജറാത്ത് ബിജെപി നേതാക്കളുടെ ചുമതലയിലാണ്. ഗോവയില്‍ നിന്നുള്ള നേതാക്കള്‍ കൊങ്കണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുംബൈയും കൊങ്കണ്‍ മേഖലയും ചേര്‍ന്ന് 75 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതിനിടെ സീറ്റ് വിഭജനത്തില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് നിലനില്‍ക്കുന്നത് എന്നാണ് വിവരം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാറും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായതായാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് നടത്താന്‍ ഉദ്ദേശിച്ച പദ്ധതികളുടെ പ്രഖ്യാപനം സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തത്.












Click it and Unblock the Notifications