അജിത് പവാർ വിഭാഗത്തിന് തിരിച്ചടി; ഈ മുതിർന്ന നേതാവ് പാർട്ടി വിടും, ശരദ് പവാറിനൊപ്പം ചേർന്നേക്കും?
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി സ്വാധീനം ഉറപ്പിക്കാമെന്ന മഹായുതി സഖ്യത്തിന്റെയും അജിത് പവാർ വിഭാഗത്തിന്റെയും പ്രതീക്ഷകൾക്ക് തിരിച്ചടിയായി കൂടുതൽ നേതാക്കൾ മുന്നണി വിടുന്നു. കഴിഞ്ഞ ദിവസം മുതിർന്ന ബിജെപി നേതാവ് ഹർഷവർധൻ പാട്ടിൽ ശരദ് പവാർ വിഭാഗത്തിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് കൂടി അതേപാത പിന്തുടരുകയാണെന്നാണ് വിവരം.
എൻസിപി അജിത് പവാർ വിഭാഗം നേതാവായ രാംരാജെ നായിക് നിംബാൽക്കറാണ് ഈ നേതാവ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) മുൻ ചെയർമാൻ കൂടിയാണ് നിംബാൽക്കർ. തന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഫാൾട്ടാനിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് നിംബാൽക്കർ കൂടുമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ തന്നിരിക്കുന്നത്.

എന്താവണം പാർട്ടിയുടെ അടുത്ത നീക്കമെന്ന് പ്രവർത്തകരോട് തന്നെ യോഗത്തിൽ അദ്ദേഹം ചോദിച്ചിരുന്നു. അവിടെ കൂടുതൽ ശരദ് പവാറിന്റെ പേരായിരുന്നു ഉയർന്നു കേട്ടത്. കൂടാതെ ശരദ് പവറിനോടുള്ള പെരുമാറ്റത്തിൽ അദ്ദേഹം മാപ്പ് പറയുന്ന കാഴ്‌ചകൾക്കും ഫാൾട്ടാനിലെ വേദി സാക്ഷിയായി എന്നതാണ് പ്രധാന കാര്യം.
ശരദ് പവാറിനെ ഉപേക്ഷിച്ചു പോയതിൽ കുറ്റബോധം ഉണ്ടെന്നും എന്നാൽ തന്റെ പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും നിംബാൽക്കർ യോഗത്തിൽ പറയുകയുണ്ടായി. എന്നാൽ അതുണ്ടായില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ട് ശരദ് പവാറിനൊപ്പം ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്.
അദ്ദേഹം തന്റെ പദ്ധതികൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് അണികളിൽ നിന്ന് അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ഇതിന് ശേഷമാവും അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ നീക്കമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ നിംബാൽക്കർ പാർട്ടി വിട്ട് ശരദ് പവാറിനൊപ്പം ചേർന്നാൽ അത് അജിത് പവാർ വിഭാഗത്തിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.
സ്വന്തം അമ്മാവനും എൻസിപി സ്ഥാപക നേതാവുമായ ശരദ് പവാറുമായുള്ള ഭിന്നതയെ തുടർന്നാണ് അജിത് പവർ 2023ൽ പാർട്ടിയെ പിളർപ്പിലേക്ക് നയിച്ച് കൊണ്ട് ശിവസേന നയിക്കുന്ന മഹായുതി സഖ്യത്തിലേക്ക് പോയത്. അതിന് പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ സംസ്ഥാനത്ത് വിചാരിച്ച നേട്ടമുണ്ടാക്കാൻ അജിത് പവാറിനും കൂട്ടർക്കും കഴിഞ്ഞിരുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഹർഷവർധൻ പാട്ടിൽ പാർട്ടി വിട്ട് എൻസിപി ശരദ് പവാർ സഖ്യത്തിനൊപ്പം ചേർന്നത് മുന്നണിക്ക് തിരിച്ചടിയായിരുന്നു. ഹരിയാന, ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് തിരിച്ചടി പ്രവചിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ വെല്ലുവിളികൾ പാർട്ടിയെ തേടി എത്തുന്നത്.












Click it and Unblock the Notifications