മുംബൈ സര്‍വകാലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിച്ച് താക്കറെ വിഭാഗം, അടിപതറി എബിവിപി
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ ശിവസേന (യുബിടി)യ്ക്ക് കരുത്ത് പകര്‍ന്ന് മുംബൈ സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് ഫലം. ശിവസേനയുടെ (യുബിടി) യുവജന വിഭാഗമായ യുവസേന എല്ലാ സീറ്റുകളിലും വന്‍ വിജയം സ്വന്തമാക്കി. ഉദ്ധവ് താക്കറെയുടെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെയാണ് യുവസേനയെ നയിക്കുന്നത്.
ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയെ ആണ് യുവസേന തറപറ്റിച്ചത്. മുംബൈ സര്‍വകലാശാല സെനറ്റിലെ ആകെയുള്ള പത്തില്‍ പത്ത് സീറ്റും തൂത്തുവാരിയാണ് യുവസേനയുടെ മിന്നും വിജയം. ഈ വിജയം ശിവസൈനികരുടെ അചഞ്ചലമായ വിശ്വസ്തതയുടെ ഫലമാണ് എന്നും വിദ്യാര്‍ത്ഥികളെ സേവിക്കുന്നത് തുടരും എന്നും ഫലപ്രഖ്യാപനത്തിന് പിന്നാലെ ആദിത്യ താക്കറെ പറഞ്ഞു.

13406 ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു വോട്ടവകാശം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ നിന്ന് 28 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്നേഹ ഗാവ്ലി, ശീതള്‍ ഷെത്ത് ദേവ്രുഖ്കര്‍, മയൂര്‍ പഞ്ചാല്‍, ധനരാജ് കൊച്ചാഡെ, കിസാന്‍ സാവന്ത്, പ്രദീപ് സാവന്ത്, ശശികാന്ത് സോര്‍, മിലിന്ദ് സതം, അല്‍പേഷ് ബോയര്‍, പരമാത്മാ യാദവ് എന്നിവരാണ് യുവസേന ബാനറില്‍ നിന്ന് വിജയം കരസ്ഥമാക്കിയത്.
ബോംബെ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 നാണ് 10 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ച മുംബൈ സര്‍വകലാശാലയിലെ ഫോര്‍ട്ട് കാമ്പസിലെ കോണ്‍വൊക്കേഷന്‍ ഹാളിലായിരുന്നു വോട്ടെണ്ണല്‍. ഏരെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാത്രിയാണ് ഔദ്യോഗിക ഫലം വന്നത്. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനത്തോളമായിരുന്നു പോളിംഗ്.
'ഈ തിരഞ്ഞെടുപ്പ് നടക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിവിധ ശ്രമങ്ങള്‍ നടത്തി. കാരണം തങ്ങള്‍ പരാജയപ്പെടുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഇത് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ സൂചന മാത്രമാണ്,' ശിവസേന (യുബിടി) നേതാവും നിയുക്ത സെനറ്റംഗവുമായ ശീതള്‍ ഷേത്ത് പറഞ്ഞു. പത്ത് സീറ്റിലും എബിവിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ വിദ്യാര്‍ത്ഥി വിഭാഗം ഒരു സീറ്റില്‍ മത്സരിച്ചു. മുംബൈ സര്‍വ്വകലാശാലയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന ബോഡിയാണ് സെനറ്റ്. അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, കോളേജ് മാനേജ്മെന്റുകള്‍, രജിസ്റ്റര്‍ ചെയ്ത ബിരുദധാരികള്‍ എന്നിവരുടെ പ്രതിനിധികള്‍ കൂടിയുള്ള സെനറ്റിന് സര്‍വകലാശാലയുടെ ബജറ്റ് പാസാക്കാന്‍ അധികാരമുണ്ട്.
സ്റ്റുഡന്റ്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നിരോധനമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഡല്‍ഹി യൂണിവേഴ്സിറ്റിയിലോ ജെഎന്‍യുവിലോ ഉള്ള വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് മുംബൈ യൂണിവേഴ്സിറ്റിയിലെ സെനറ്റ് തിരഞ്ഞെടുപ്പ്. സെനറ്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ച സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ സ്റ്റേ ചെയ്തായിരുന്നു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications