മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 150ലധികം വിമതർ മത്സര രംഗത്ത്; എംവിഎയും മഹായുതിയും കുലുങ്ങുമോ?
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രമുഖ മുന്നണികളായ മഹായുതി സഖ്യവും എംവിഎയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ ഇരു മുന്നണികളും സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പരക്കംപാച്ചിലിൽ ആയിരുന്നു. ഇന്നലെയാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചത്.
ഇരു സഖ്യങ്ങളും മുന്നണി മര്യാദകളും മുൻകാല ചർച്ചകളിലെ തീരുമാനങ്ങളുടെ ചുവടുംപിടിച്ച് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയ വേളയിലാണ് നിനച്ചിരിക്കാതെയുള്ള അപകടം അടുത്ത് വന്നത്. വിമതരുടെ കടന്നുവരവാണ് മുന്നണികളെ ഭയപ്പെടുത്തുന്ന ഘടകം. ഒന്നോ രണ്ടോ വിമത സ്ഥാനാർത്ഥികൾ എക്കാലവും തിരഞ്ഞെടുപ്പുകളിൽ ഉള്ളതാണെങ്കിലും ഇത്രയധികം വിമതർ ഉയർന്നുവരുമെന്ന് ആരും ചിന്തിച്ചുകാണില്ല.

ഇക്കാര്യത്തിൽ എന്തെന്നറിയില്ല രണ്ട് മുന്നണികളും ഏറെക്കുറെ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും മഹായുതി സഖ്യത്തിനാണ് ഇക്കാര്യത്തിൽ ഭീഷണി ഒരിത്തിരി അധികമുള്ളത്. 80 വിമത സ്ഥാനാർത്ഥികളുടെ ഭീഷണിയാണ് നിലവിലെ ഭരണകക്ഷിയായ മുന്നണി സംസ്ഥാനത്ത് നേരിടുന്നത്.
ഇതുൾപ്പെടെ ആകെ 150 വിമതർ മത്സര രംഗത്തുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലെ ഏറ്റവും സുപ്രധാനമായ കാര്യമെന്തെന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ നാല് ആണെന്നതാണ്. അതിന് ശേഷിക്കുനതാവട്ടെ ഇനി നാല് നാളുകൾ മാത്രം. ഈ ചുരുങ്ങിയ സമയം കൊണ്ട് വിമതരെ പിന്തിരിപ്പിക്കുക എന്ന വലിയ ശ്രമകരമായ ദൗത്യമാണ് മുന്നണികൾക്ക് മുന്നിലുള്ളത്.
മുന്നണികളും സ്ഥാനാർത്ഥി പ്രഖ്യാപനവും
തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്‌ചയോളം മാത്രം ശേഷിക്കെ ഇരു മുന്നണികളും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡി 286 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആകെ 288 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളതെന്ന് ഓർക്കണം. ഇതിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് കോൺഗ്രസിൽ നിന്നാണ്, 103 സ്ഥാനാർത്ഥികൾ.
ശേഷിക്കുന്നവയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന 96 മണ്ഡങ്ങളിലും ശരദ് പവാറിന്റെ എൻസിപി വിഭാഗം 87 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്. ഇതിൽ ശേഷിക്കുന്ന സീറ്റുകൾ ചെറിയ സഖ്യ കക്ഷികൾക്കായി അനുവദിച്ചിട്ടുമുണ്ട്. എന്നാൽ ഈ മണ്ഡലങ്ങളിൽ പലയിടത്തും ഇവർക്ക് വിമതരെ നേരിടേണ്ടി ഗതിയാണുള്ളത്.
മറുവശത്ത് മഹായുതി സഖ്യവും സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ പൂർത്തിയാക്കിയതാണ്. അവിടെയും അവർക്ക് വിമതരുടെ ഭീഷണി കാര്യമായി നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ചില പ്രമുഖ നേതാക്കളും കൂടി ചേർന്നിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ബിജെപിയുടെ ഗോപാൽ ഷെട്ടി, എൻസിപിയുടെ സമീർ ബജ്‌പാൽ എന്നിവർ അതിൽ ചിലരാണ്.
അതേസമയം, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനും കേരളത്തിലേത് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും ഉൾപ്പെടെ അടുത്ത മാസം നടക്കുന്നുണ്ട്. ഇതിനൊപ്പം ജാർഖണ്ഡിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നവംബർ 20ന് ഒറ്റഘട്ടമായാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. ശേഷം നവംബർ 23നായിരിക്കും ഫലം പുറത്തുവിടുക.












Click it and Unblock the Notifications