'ഞങ്ങൾ അധികാരം തിരഞ്ഞെടുക്കും'; പ്രകാശ് അംബേദ്‌കറുടെ വാക്കുകൾ ഇങ്ങനെ, വിബിഎ ആരെ പിന്തുണയ്ക്കും?
മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫലം വന്നാൽ എന്ത് നയം സ്വീകരിക്കുമെന്ന് വ്യക്തമാക്കി വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്‌കർ. ഫലം വന്നാൽ ആവശ്യത്തിന് സീറ്റുകൾ തങ്ങൾ നേടിയിട്ടുണ്ടെങ്കിൽ സർക്കാർ രുപീകരിക്കാൻ കഴിയുന്ന കക്ഷികളെ പിന്തുണയ്ക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എക്‌സ് പോസ്‌റ്റിലൂടെയായിരുന്നു പ്രകാശ് അംബേദ്‌കറുടെ പ്രതികരണം.
സംസ്ഥാനത്ത് എക്‌സിറ്റ് പോളുകൾ ഭൂരിഭാഗവും മഹായുതി ഭരണം നിലനിർത്തുമെന്ന പ്രവചനം നടത്തിയതിന് പിന്നാലെയാണ് ബിആർ അംബേദ്‌കറുടെ കൊച്ചുമകന്റെ പ്രതികരണം. 'മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിയെയോ സഖ്യത്തെയോ പിന്തുണയ്‌ക്കാൻ വിബിഎയ്‌ക്ക് വേണ്ട സംഖ്യ ലഭിച്ചാൽ, സർക്കാർ രൂപീകരിക്കാൻ കഴിയുന്നവരുമായി ചേർന്ന് പ്രവർത്തിക്കും' അദ്ദേഹം എക്‌സ് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.

ഞങ്ങൾ അധികാരം തിരഞ്ഞെടുക്കും എന്നായിരുന്നു എക്‌സ് പോസ്‌റ്റിൽ ദളിത് നേതാവ് കുറിച്ചത്. മഹാരാഷ്ട്രയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോഴും, എക്‌സിറ്റ് പോൾ ഫലങ്ങളും മഹായുതിക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ മഹായുതിക്ക് പ്രകാശ് അംബേദ്‌കർ പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുകയാണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാൽ ഒരു കക്ഷിയുടെയും പേരെടുത്ത് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഒരുപക്ഷേ ഫലം അപ്രതീക്ഷിതമായി വന്നാൽ ഭരണകക്ഷിയുടെ പിന്തുണ ഉറപ്പാക്കുകയാവും അതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ എത്ര സെറ്റ് വിബിഎ ജയിക്കും എന്നാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ തവണത്തെ ഫലം ആവർത്തിച്ചാൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയാവും.
ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിബിഎ 200 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 236 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ അന്ന് ഒരു സീറ്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇക്കുറി ആ നാണക്കേട് മാറ്റി നിർണായക മുന്നേറ്റം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് പ്രകാശ് അംബേദ്‌കറും കൂട്ടരും.
അതേസമയം, സംസ്ഥാനത്ത് ഇരു മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തിലാണെങ്കിലും മഹാവികാസ് അഘാഡിക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. കൂടുതൽ സർവേകളും ഭരണക്ഷിയായ മഹായുതി സഖ്യത്തിനാണ് സാധ്യത കൽപിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നും പ്രതിപക്ഷത്തിന്റെ പ്രചാരണം ഏശിയില്ലെന്നുമാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.
മഹായുതി സഖ്യത്തിന്റെ കീഴിൽ ബിജെപിക്കൊപ്പം എൻസിപി അജിത് പവാർ വിഭാഗം, ശിവസേന ഷിൻഡെ വിഭാഗം എന്നീ പ്രമുഖ പാർട്ടികളാണ് അണിനിരന്നത്. മികച്ച വിജയം തന്നെ ഈ കക്ഷികൾ ഇക്കുറി പ്രതീക്ഷിക്കുന്നു. മറുവശത്ത് മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസിന് പുറമേ ശരദ് പവാറിന്റെ എൻസിപിയും ഉദ്ധവിന്റെ ശിവസേനയുമാണ് മത്സരിച്ചത്.
നവംബർ 20ന് ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 288 സീറ്റുകളിലേക്കായിരുന്നു മത്സരം. നവംബർ 23നാണ് ഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് 145 സീറ്റുകൾ നേടുന്ന കക്ഷിക്ക് ഭരണം സ്വന്തമാക്കാം. അതുകൊണ്ട് തന്നെ ഇരു മുന്നണികളും ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ നോക്കി കാണുന്നത്.












Click it and Unblock the Notifications