സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം; ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശിവസേന
ബി ജെ പി പിന്തുണയോടെ ശിവസേനയില്‍ ഏക്‌നാഥ് ഷിന്‍ഡെ നടത്തിയ വിമത പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. ഇത് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തു

മുംബൈ: ശിവസേനയിലെ അധികാര തര്‍ക്കത്തില്‍ വിജയം കൈവരിച്ചതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെ ശിവസേന ഇന്ന് ആദ്യ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന അധ്യക്ഷനായി തെരഞ്ഞെടുത്തത്. ശിവസേനയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് ഷിന്‍ഡെ ക്യാമ്പ് എന്നല്ല, തങ്ങളെ ശിവസേന എന്നാണ് വിളിക്കേണ്ടത് എന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഏക്‌നാഥ് ഷിന്‍ഡെയോടൊപ്പമുള്ള ശിവസേന എം എല്‍ എമാരും എം പിമാരും മറ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ആദ്യ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണം എന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചു.
കൂടാതെ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷന്റെ പേര് മുന്‍ കേന്ദ്ര ധനമന്ത്രി ചിന്താമന്റാവു ദേശ്മുഖിന്റെ പേര് നല്‍കി പുനര്‍നാമകരണം ചെയ്യണം എന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്ന് വന്നു. സംസ്ഥാനത്ത് എല്ലാ പദ്ധതികളിലും 80 ശതമാനം ജോലി യുവാക്കള്‍ക്കായി മാറ്റിവെക്കം എന്നും നിര്‍ദേശമുണ്ട്.
മറാത്തി ഭാഷയ്ക്ക് എലൈറ്റ് പദവി നല്‍കും എന്നും ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശിവസേന നിര്‍ദേശിച്ചു. നേരത്തെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗവും സവര്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ശിവസേനയില്‍ ഏക്‌നാഥ് ഷിന്‍ഡെ നടത്തിയ വിമത പ്രവര്‍ത്തനങ്ങളാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത്.
ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി പിന്തുണ നല്‍കുകയായിരുന്നു. ഇതോടെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണു. ഇതിന് പിന്നാലെയാണ് ശിവസേന രണ്ടായി പിളര്‍ന്നത്. ഈ തര്‍ക്കത്തിനൊടുവിലാണ് ഷിന്‍ഡെ വിഭാഗം നിര്‍ണായക വിജയം നേടിയത്.












Click it and Unblock the Notifications