യുദ്ധഭൂമിയിൽ നിന്നും ദില്ലിയിലെത്തി; നാട്ടിലേക്കുള്ള വിമാനം കാത്ത് മലയാളി വിദ്യാര്‍ത്ഥികൾ നിന്നത് 11 മണിക്കൂർ
ദില്ലി: യുക്രെയിനില്‍ നിന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്കുള്ള വിമാനത്തിനായി കാത്തുകിടന്നത് 11 മണിക്കൂര്‍. പട്ടികയില്‍ പേരില്ലെന്ന് പറഞ്ഞാണ് 40 വിദ്യാര്‍ത്ഥികളെ പി ആര്‍ ഡി മാറ്റി നിര്‍ത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവശരായി യുക്രെയിനില്‍ നിന്നെത്തിയ ഇവര്‍ക്ക് കേരള ഹൗസിലും പ്രവേശനം ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അടുത്ത ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെ നാട്ടിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള ഹൗസ് റെസിഡന്റ് കമ്മിഷണര്‍ പറഞ്ഞു.

രാത്രിയുള്ള രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാനാണ് ശ്രമമെന്ന് റസിഡന്റ് കമ്മിഷണര്‍ വ്യക്തമാക്കി. അങ്ങനെ പറ്റിയില്ലെങ്കില്‍ അവരെ കേരള ഹൗസില്‍ തന്നെ താമസിപ്പിക്കുമെന്ന് റസിഡന്റ് കമ്മിഷണര്‍ അറിയിച്ചു. മലയാളി വിദ്യാര്‍ത്ഥികളോടൊപ്പം എത്തിയ വിദ്യാര്‍ത്ഥികളെ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിമാനങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നു.

ഇവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന് കരുതി കാത്ത് നിന്നെങ്കിലും ലഭിച്ചില്ല. മിക്കവരും അവശരായിരുന്നു. പട്ടികയില്‍ പേരില്ലെന്ന് പറഞ്ഞ് 40 പേരെയാണ് പി ആര്‍ ഡി മാറ്റിനിര്‍ത്തിയത്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ പ്രവേശിപ്പിച്ചില്ല. അവശരായി എത്തിയ ഇവര്‍ക്ക് കേരള ഹൗസിലും താമസ സൗകര്യം ഒരുക്കിയില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു.

രക്ഷാദൗത്യത്തിന്റെ ഏഴാം ദിവസമാണെന്നും, പരമാവധിപ്പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണെന്നും കേരളാ ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ഊര്‍ജിതമാണ്. കേരളാ ഹൗസില്‍ എല്ലാവര്‍ക്കും താമസസൗകര്യമുണ്ട്. എല്ലാവരെയും സ്വീകരിക്കാന്‍ നടപടികളെടുത്തെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, യുക്രൈയിനില്‍നിന്നു ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാര്‍ഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 350 പേരെ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം പുലര്‍ച്ചെ ഒന്നിന് കൊച്ചിയില്‍ എത്തി. ഇതില്‍ 153 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്നു ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് 175 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം രാത്രി 9:30 ന് 175 യാത്രക്കാരുമായി കൊച്ചിയിലെത്തി. മൂന്നാമത്തെ വിമാനം 180 യാത്രക്കാരുമായി ഡെല്‍ഹിയില്‍ നിന്നും പുറപ്പെട്ടു.

മുംബൈ വഴി ഇന്ന് ഇതുവരെ 40 മലയാളി വിദ്യാര്‍ഥികളാണു നാട്ടിലെത്തിയിട്ടുള്ളത്. ഇവരെ മുംബൈ നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. അഞ്ചു വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തി. 22 പേര്‍ രാത്രി 11.40നു കൊച്ചിയില്‍ എത്തും. അഞ്ചു പേര്‍ രാത്രി 12.30നു കണ്ണൂരിലും ഏഴു പേര്‍ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാള്‍ ഷാര്‍ജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.

യുക്രെയിനില്‍നിന്നുള്ള രക്ഷാദൗത്യം 'ഓപ്പറേഷന്‍ ഗംഗ' ആരംഭിച്ചതിനു ശേഷം ഇതുവരെ 1,420 പേരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനായി മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലും ഇരു സ്ഥലങ്ങളിലെയും കേരള ഹൗസുകളിലും സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications