തൊഴിലാളി നേതാവിന്റെ ഗര്‍ജ്ജനത്തില്‍ തുടക്കം; ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശബ്ദം, ഇനി ഖാര്‍ഗെ യുഗം
ദില്ലി: പ്രതീക്ഷകളൊന്നും തെറ്റിയില്ല, കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരിക്കുകയാണ്. എതിരാളികളില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 80കാരനായ ഖാര്‍ഗെയ്ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ചോദ്യം. കോണ്‍ഗ്രസിന്റെ മാറ്റത്തിനായി ഖാര്‍ഗെയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന വിമര്‍ശനവുമുണ്ട്. എന്നാല്‍ ഖാര്‍ഗെ മികച്ചൊരു സംഘടനാ നേതാവാണ്.
അദ്ദേഹത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ മനസ്സിലാക്കും ഇക്കാര്യം. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവും, പ്രവര്‍ത്തകര്‍ക്കിടയില്‍ അത്രത്തോളം സ്വാധീനം ചെലുത്തുന്നയാളുമാണ് ഖാര്‍ഗെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം...

രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് സവിശേഷതകളുണ്ടെങ്കില്‍ സുപ്രധാന പദവി മൂന്ന് തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ ഖാര്‍ഗെയ്ക്ക് നഷ്ടമായത്. മൂന്ന് തവണ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. 1999, 2004, 2013 വര്‍ഷങ്ങളായിരുന്നു അത്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യമാണത്. എസ്എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവര്‍ക്ക് മുന്നിലായിരുന്നു ഖാര്‍ഗെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പിന്നീട് കേന്ദ്രത്തില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ ഖാര്‍ഗെ സര്‍വശക്തനാവുകയായിരുന്നു.

കര്‍ണാടകത്തിലെ ബിദറില്‍ ദളിത് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗുല്‍ബര്‍ഗയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും ഖാര്‍ഗെ നേടി. നിയമ പഠനവും അവിടെ വെച്ച് തന്നെയായിരുന്നു. ജസ്റ്റിസ് ശിവരാജ് പാട്ടീലിന്റെ ഓഫീസില്‍ ജൂനിയറായിരുന്നു ഖാര്‍ഗെ. തുടക്കകാലത്ത് തൊഴിലാളി യൂണിയന്റെ കേസുകളായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. കോളേജ് പഠനകാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനം ഖാര്‍ഗെ ആരംഭിച്ചത്.

1969ല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി വന്നതോടെയാണ് രാഷ്ട്രീയ ജീവിതം മാറുന്നത്. സംയുക്ത മസ്ദൂര്‍ സംഘത്തിന്റെ തൊഴിലാളി നേതാവായിരുന്നു ഖാര്‍ഗെ. വളരെയധികം സംഘടനയിലും തൊഴിലാളികള്‍ക്കിടയിലും അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. 1969ല്‍ തന്നെയാണ് ഖാര്‍ഗെ കോണ്‍ഗ്രസില്‍ ചേരുന്നത്. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായി അദ്ദേഹം നിയമിതനായി. 1972ല്‍ ആദ്യമായി ഖാര്‍ഗെ കര്‍ണാടക നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഗുര്‍മിറ്റ്കലില്‍ നിന്നായിരുന്നു മത്സരം.

വിജയം ശീലമാക്കിയ നേതാവാണ് ഖാര്‍ഗെ. ഇതുവരെ 12 തിരഞ്ഞെടുപ്പുകളില്‍ ഖാര്‍ഗെ മത്സരിച്ചു. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ അടക്കമാണിത്. ഒരിക്കല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2019ല്‍ മാത്രമായിരുന്നു തോല്‍വി. 2004ല്‍ എട്ടാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ ചരിത്രമെഴുതിയിരുന്നു ഖാര്‍ഗെ. ചിറ്റാപൂരില്‍ നിന്ന് 9ാം തവണ ഖാര്‍ഗെ വിജയിക്കുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ജഗജീവന്‍ രാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ദളിത് നേതാവാണ് ഖാര്‍ഗെ.

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ റെയില്‍വേ, തൊഴില്‍ മന്ത്രാലയങ്ങളുടെ ചുമതല ഖാര്‍ഗെയ്ക്കായിരുന്നു. ലോക്‌സഭാ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായും അദ്ദേഹം നിയമിതനായിരുന്നു. ദേവരാജ് യുആര്‍എസ് മന്ത്രിസഭയില്‍ ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് വകുപ്പുകളും ഖാര്‍ഗെ ഏറ്റെടുത്തിരുന്നു. ഭൂരിപരിഷ്‌കരണ നടപടികളെല്ലാം ഖാര്‍ഗെയുടെ കാലത്ത് വേഗത്തിലായിരുന്നു. വീരപ്പ മൊയ്‌ലി സര്‍ക്കാരിലും ഖാര്‍ഗെ മന്ത്രിയായിരുന്നു. ഇത്രയേറെ പരിചയസമ്പത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇറങ്ങി നില്‍ക്കുന്ന നേതാവും ആയത് കൊണ്ടാണ് ഖാര്‍ഗെയ്ക്ക് പിന്തുണ ശക്തമായി ലഭിച്ചത്. എല്ലാ ഡിസിസിയിലും സ്വീകരണമൊരുക്കിയതും അതുകൊണ്ടാണ്.












Click it and Unblock the Notifications