ദുര്‍ഗാദേവിയായി മമത, മഹിഷാസുരനായി മോദി; ബംഗാളില്‍ പോസ്റ്ററിനെ ചൊല്ലി വിവാദം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ 'ദുര്‍ഗ'യായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹിഷാസുര'നായും ചിത്രീകരിച്ച് ബംഗാളില്‍ പോസ്റ്റര്‍. മദ്‌നാപൂരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 108 മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. ഇതിന് മുന്നോടിയായിട്ടുള്ള പ്രചരണത്തിലാണ് ഇത്തരത്തിലുള്ള പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. മദ്‌നാപൂര്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അനിമ സാഹയാണ് മത്സരിക്കുന്നത്.
ഹിന്ദു പുരാണങ്ങളിലെ രാക്ഷസനായ മഹിഷാസുരനായി പ്രധാനമന്ത്രി മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മമത ബാനര്‍ജിയെ 'ദുര്‍ഗ്ഗ' ദേവിയായും പോസ്റ്ററില്‍ കാണിക്കുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും സി പി ഐ എമ്മിനേയും ബലിയാടുകളാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് (കോണ്‍ഗ്രസ്, സി പി ഐ എം) വോട്ട് ചെയ്താല്‍ ബലിയാടുകളാക്കപ്പെടും എന്ന അടിക്കുറിപ്പും പോസ്റ്ററിലുണ്ട്.

അതേസമയം, ആരാണ് ഈ പോസ്റ്റര്‍ പതിച്ചതെന്ന് തനിക്കറിയില്ലെന്ന് അനിമ സാഹ പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ തെറ്റാണെന്നും ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ പ്രദേശത്ത് ഇത്തരം പോസ്റ്ററുകള്‍ പതിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്നും അനിമ സാഹ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. പ്രധാനമന്ത്രിയേയും സനാതന ധര്‍മ്മയേയും അപമാനിക്കുന്നതാണ് നടപടിയെന്ന് ബി ജെ പി നേതാവ് വിപുല്‍ ആചാര്യ പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പോസ്റ്ററിനെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദു ഐതിഹ്യമനുസരിച്ച്, ദുര്‍ഗ്ഗാ ദേവി മഹിഷാസുരനോട് പതിനഞ്ച് ദിവസത്തോളം യുദ്ധം ചെയ്തുവെന്നും ആ സമയത്ത് അവന്‍ (മഹിഷാസുരന്‍) വ്യത്യസ്ത മൃഗങ്ങളായി മാറുകയും ദുര്‍ഗാ ദേവിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഒടുവില്‍, അവന്‍ ഒരു എരുമയായി രൂപാന്തരപ്പെട്ടപ്പോള്‍, ദുര്‍ഗ്ഗാദേവി തന്റെ ത്രിശൂലത്താല്‍ അവനെ കുത്തി കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കിയിരുന്നു. നാല് കോര്‍പ്പറേഷനിലും വന്‍ വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബിധാനഗറില്‍ 41 ല്‍ 39 സീറ്റിലും തൃണമൂല്‍ ജയിച്ചു. സിലിഗുരിയില്‍ 47 ല്‍ 37 സീറ്റിലും അസന്‍സോളില്‍ 106 ല്‍ 78 സീറ്റിലും തൃണമൂലാണ് ജയിച്ചത്. ചന്ദനഗറില്‍ ആകെയുള്ള 33 സീറ്റില്‍ 31 ലും തൃണമൂല്‍ സഥാനാര്‍ത്ഥികളാണ് ജയിച്ചത്.












Click it and Unblock the Notifications