ഡോക്ടര്‍മാരുടെ ഉപദേശം തള്ളി മമത, പരിക്കേറ്റിട്ടും ആശുപത്രി വിട്ടു, ഇനി വീട്ടില്‍ ചികിത്സ
കൊല്‍ക്കത്ത: മോശം കാലാവസ്ഥയെതുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മമത ബാനര്‍ജിക്ക് പരിക്ക്. ഇടുപ്പിനും, കാല്‍മുട്ടിനുമാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം അവര്‍ ആശുപത്രി വിട്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടും, അവര്‍ അത് തള്ളുകയായിരുന്നു.
എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അവരുണ്ടായിരുന്നത്. എന്നാല്‍ വീല്‍ചെയറിന്റെ സഹായത്തോടെ അവര്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാക്കി ചികിത്സകളെല്ലാം വീട്ടില്‍ വെച്ചാവാം എന്നായിരുന്നു മമതയുടെ നിലപാട്. അതേസമയം മമതയ്ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.എംആര്‍ഐ സ്‌കാനിംഗ് എടുത്തപ്പോള്‍ മമതയുടെ ലിഗ്മെന്റിന് പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇടത് കാലിനായി കൂടുതലായും പരിക്കുള്ളത്. അതുകൊണ്ട് ആശുപത്രിയില്‍ തന്നെ ചികിത്സ തുടരണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ അവര്‍ തയ്യാറായില്ല. വീട്ടിലേക്ക് മടങ്ങുന്നതായി അവര്‍ ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. അവിടെ വെച്ച് ചികിത്സ തേടുമെന്നും മമത ഡോക്ടര്‍മാരെ അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു മമത. ഉത്തര ബംഗാള്‍ മേഖലയിലായിരുന്നു പ്രചാരണം.
മോശം കാലാവസ്ഥയെ തുടര്‍ന്ന് സെവോക്ക് എയര്‍ ബേസിലാണ് ഈ ഹെലികോപ്ടര്‍ ഇറക്കിയത്. ഹെലികോപ്ടര്‍ ശക്തമായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നുവെന്നും, യാത്ര തുടരുന്നത് അപകടകരമാണെന്നും, കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേയാണ് മമതയ്ക്ക് പരിക്കേറ്റത്. അതേസമയം അവിടെ നിന്ന് ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്കാണ് മമത പോയത്. അവിടെ നിന്ന് അവര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു.
മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവര്‍ കഠിനമായ വേദനയിലായിരുന്നുവെന്ന് മുഖത്ത് നിന്ന് വ്യക്തമായിരുന്നു. കനത്ത മഴ ആ സമയത്തുണ്ടായിരുന്നു. ഹെലികോപ്ടറുമായി സഞ്ചരിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ പൈലറ്റ് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഗവര്‍ണര്‍ ആനന്ദ ബോസ്, മമതയെ ടെലഫോണില്‍ വിളിച്ച് ആരോഗ്യ സ്ഥിതി കുറിച്ച് ചോദിച്ചറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications