മഹുവ മൊയിത്രയെ താക്കീത് ചെയ്ത് മമത ബാനര്‍ജി, പാര്‍ട്ടി യോഗത്തിലെ വീഡിയോ വൈറല്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയുടെ വിശാസ്യത നേടിയ ഏറ്റവും വലിയ നേതാവാണ് മഹുവ മൊയിത്ര. എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ മഹുവയെ നേരിട്ട് ശാസിച്ചിരിക്കുകയാണ് മമത. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നാദിയ ജില്ലയിലെ പാര്‍ട്ടിയുടെ യോഗം ചേര്‍ന്നപ്പോഴാണ് മഹുവയെ മമത പേരെടുത്ത് വിളിച്ച് വിമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും നാദിയയില്‍ വളര്‍ന്ന് വരുന്ന വിഭാഗീയതയുടെയും പേരിലായിരുന്നു മമതയുടെ വിമര്‍ശനമേറ്റത്. എന്നാല്‍ ഈ ഇവരെ ശാസിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബിജെപി ഇത് മമതയ്‌ക്കെതിരെ ആയുധമായി മാറ്റിയിരിക്കുകയാണ്.

അതേസമയം മമതയുടെ വിമര്‍ശന സമയത്ത് മിണ്ടാതെ അത് മഹുവ കേട്ടിരിക്കുന്നതും കാണാം. നാദിയയിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി എത്തിയതായിരുന്നു മമത. സ്ഥാനാര്‍ത്ഥിത്വത്തിനായി ലോബിയിംഗ് നടത്താന്‍ പാടില്ലെന്നും, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. മഹുവ, നിങ്ങളോട് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയാം, ആരാണ് അനുകൂലിക്കുന്നതെന്നോ, എതിര്‍ക്കുന്നതെന്നോ അറിയില്ല. യുട്യൂബ്, പത്രങ്ങള്‍, ഡിജിറ്റല്‍ എന്നിവയില്‍ ഒരു ഷോ കാണിച്ച് നടത്തുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മമത മഹുവ മൊയിത്രയോട് പറഞ്ഞു.
ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനം ഒരിക്കലും ദീര്‍ഘകാലം നിലനില്‍ക്കില്ല. ഒരു പോസ്റ്റില്‍ ഒരു വ്യക്തി ദീര്‍ഘകാലം തുടരുമെന്ന് കരുതുന്നത് ഒരിക്കലും ശരിയല്ലെന്നും മഹുവയോട് മമത പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക ആരൊക്കെ മത്സരിക്കണമെന്നും വേണ്ടെന്നുമുള്ള കാര്യങ്ങള്‍. അതില്‍ ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാവാന്‍ പാടില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. അതേസമയം യോഗത്തിലുണ്ടായ ജയന്ത എന്ന വ്യക്തിയോട് യുട്യൂബ് വീഡിയോയുടെ പേരില്‍ മമത വിശദീകരണം തേടുന്നുണ്ട്. ചെറിയൊരു അട്ടിമറി നടന്നിട്ടുണ്ടെന്ന് ഇയാള്‍ മമയെ അറിയിക്കുന്നുണ്ട്. ഇക്കാര്യം പോലീസിനെ ഉപയോഗിച്ച് അന്വേഷിപ്പിക്കുന്നുണ്ടെന്നും, ആ വിവാദം കെട്ടിച്ചമച്ചതാണെന്നും മമത പറയുന്നുണ്ട്.
തൃണമൂലില്‍ തീപ്പൊരി പ്രസംഗത്തിന് പേരുകേട്ട നേതാവാണ് മഹുവ. അവര്‍ ഒരുവാക്ക് പോലും മിണ്ടാതെയിരിക്കുന്നത് ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടായതില്‍ മമത കടുത്ത ദേഷ്യത്തിലാണ്. നാദിയ ജില്ലയില്‍ അത്തരക്കാര്‍ക്ക് കൃത്യമായ സന്ദേശം നല്‍കാനാണ് മമത തീരുമാനിച്ചിരിക്കുന്നത്. കൃഷ്ണനഗറില്‍ നിന്നുള്ള എംപിയാണ് മഹുവ. നേരത്തെ നാദിയ ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മഹുവ മൊയിത്രയെ നീക്കിയിരുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നാദിയ ജില്ലയില്‍ തൃണമൂലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇവിടെ 17 സീറ്റാണ് ഉള്ളത്. അതില്‍ ഒന്‍പതെണ്ണം മാത്രമാണ് വിജയിക്കാനായത്. ഇതിന് പ്രധാന കാരണം വിഭാഗീയതയായിരുന്നു.












Click it and Unblock the Notifications