വിവാഹത്തിന് മുന്‍പ് വധുവിനെ സന്ദര്‍ശിച്ച പ്രതിശ്രുത വരനെ വെടിവെച്ചുകൊന്നു
പാറ്റ്‌ന: വിവാഹത്തിന് മുമ്പ് വധുവിനെ സന്ദര്‍ശിച്ച പ്രതിശ്രുത വരനെ യുവതിയുടെ വീട്ടുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബീഹാര്‍ കൈമൂര്‍ ജില്ലയിലെ ഡുംഡും ഗ്രാമത്തിലാണ് സംഭവം. 22കാരനായ മനീഷ് പട്ടേലാണ് വെടിയേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മാവനാണ് വാക്കേറ്റത്തിനിടയില്‍ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് മുമ്പ് വധുവിനെ സന്ദര്‍ശിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നു. ആചാരങ്ങള്‍ തെറ്റിച്ച് മനീഷ് ഭാവി വധുവിനെ കണ്ടത് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന മനീഷും യുവതിയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിനൊരുങ്ങുന്നതിനിടെയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ജൂണ്‍ ആറിനാണ് ഇവിരുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. യുവതിയെ കണ്ടത് പെണ്‍വീട്ടുകാര്‍ കണ്ടുപിടിച്ചതോടെ മനീഷും വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ തോക്കെടുത്ത് മനീഷിനെ വെടിവെക്കുകയായിരുന്നു. യുവതിയും പിതാവും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications