മണിപ്പൂരിൽ '32 സീറ്റ് വരെ നേടും';പതിവുകൾ തിരുത്തി കോൺഗ്രസ്..പ്രതീക്ഷ വാനോളം
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് മണിപ്പൂർ. ഇത്തവണ ഭരണം പിടിക്കാനുള്ള സകല തന്ത്രങ്ങളും പുറത്തെടുക്കുകയാണ് ഇവിടെ നേതൃത്വം. പതിവിൽ നിന്നും വിപരീതമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.

മൂന്നുതവണ മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗിനെയായിരുന്നു കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ കള്ളപണം വെളുപ്പിക്കൽ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങൾക്കും മേൽ വട്ടമിട്ട് പറക്കുകയാണ് ഇ ഡി. ഈ സാഹചര്യത്തിൽ ഇബോബിയുടെ പേര് നേതൃത്വം ഉയർത്തിക്കാട്ടുന്നില്ല. ഇബോബി അല്ലേങ്കിൽ മുൻ പാർട്ടി അധ്യക്ഷനായ കോതുജാം ഗോവിന്ദ ദാസിന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഇപ്പോൾ ബി ജെ പി പാളയത്തിൽ എത്തി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂവെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നമേർക്പം ലോകേൻ സിംഗ് പ്രതികരിച്ചത്. കോൺഗ്രസ് 32 സീറ്റുകൾ നേടി ഭരണം പിടിക്കും, തുടർന്ന് പാർട്ടി എം എൽ എമാർ മുഖ്യമന്ത്രിയെ കണ്ടെത്തും, ലോകേൻ സിംഗ് പറഞ്ഞു.

2017 ൽ സംസ്ഥാനത്ത് 28 സീറ്റുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ 21 സീറ്റ് നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി സഖ്യത്തിൽ അധികാരത്തിലേറി. അതേസമയം കഴിഞ്ഞ 5 വർഷത്തിനിടയിൽ നിരവധി എം എൽ എമാർ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് മറുകണ്ടം ചാടി. നിലവിൽ 13 പേർ മാത്രമാണ് കോൺഗ്രസ് ക്യാമ്പിൽ അവശേഷിക്കുന്നത്. എന്നാൽ എം എൽ എമാരുടെ മറുകണ്ടം ചാടിച്ച ബി ജെ പി നീക്കം പാർട്ടിയോട് കൂറ് പുലർത്തുന്ന യഥാർത്ഥ നേതാക്കളെ കണ്ടെത്താൻ സഹായിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്.

എം എൽ എമാരുടെ കൂടുമാറ്റം കോൺഗ്രസിനെ യാതൊരു തരത്തിലും ബാധുക്കില്ല. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി ബി ജെ പി നേതാക്കളും മറ്റ് പാർട്ടികളിലേക്ക് കൂറുമാറിയിട്ടുണ്ടെന്നും ലോകേൻ സിംഗ് പറഞ്ഞു. ഇത്തവണ കോൺഗ്രസ് വിജയിക്കും. ബി ജെ പി സർക്കാർ എല്ലാ നിലയിലും പരാജയപ്പെട്ടു. സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകിയില്ല, സർവ്വത്ര അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ബി ജെ പി, ലോകേൻ പറഞ്ഞു.

അതേസമയം മണിപ്പൂരിൽ കോൺഗ്രസ് പുലർത്തുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് അവർക്ക് തങ്ങളുടെ പകുതിയോളം എം എൽ എമാരെ നഷ്ടമായി. ബാക്കിയുള്ള 14 എം എൽ എമാരിൽ ഭൂരിഭാഗവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടേക്കാം. എന്നിരുന്നാലും 60 അംഗ നിയമസഭയിൽ കുറഞ്ഞത് 10 -12 സീറ്റുകൾ വരെയെ പാർട്ടി നേടു എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, മണിപ്പൂർ സർവകലാശാലയിലെ പ്രൊഫ. എൽ രാജേൻ പറയുന്നു. ജനതാദൾ (യുണൈറ്റഡ്) രണ്ട്-മൂന്ന് സീറ്റുകളും നാഷണൽ പീപ്പിൾസ് പാർട്ടി 10-ൽ കൂടുതൽ സീറ്റുകളും നേടിയേക്കും.എൻപിപി സ്ഥാനാർത്ഥികളിൽ പലരും സമ്പന്നരാണ്, ഇത് പാർട്ടിയെ സഹായിക്കാൻ സാധ്യതയുണ്ട്, രാജേൻ പറഞ്ഞു.

സഖ്യകക്ഷിയായ ബി ജെ പിയുമായി എൻ പി പി ഇപ്പോൾ നല്ല ബന്ധത്തിലല്ല. പരസ്‌പരം പരസ്യമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ബി ജെ പി മറ്റിടങ്ങളിൽ മുന്നേറും പോലെ മണിപ്പൂരിൽ അവർക്ക് അത് സാധിക്കില്ല. ഇവിടുത്തെ ജനങ്ങൾക്ക് ബി ജെ പിയുടെ പ്രവർത്തന രീതിയോട് താത്പര്യമില്ല, രാജേൻ പറഞ്ഞു.












Click it and Unblock the Notifications