സംഭവിച്ചത് സംഭവിച്ചു; മണിപ്പൂർ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്
ഇംഫാല്‍: സംസ്ഥാനത്തെ വംശീയ ആക്രമങ്ങളില്‍ മണിപ്പൂരിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എൻ ബിരേന്‍ സിങ്. സംസ്ഥാനത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ഖേദിക്കുന്നു. എങ്കിലും ശുഭാപ്തിവിശ്വാസത്തോടെയാണ് വർഷം അവസാനിക്കുന്നതെന്നും 2025 ൽ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഈ വർഷം മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ മാപ്പ് പറയുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ചു. എനിക്ക് അതിയായ സങ്കടമുണ്ട്. ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലേക്കുള്ള പുരോഗതി കണ്ടതിന് ശേഷം, 2025 ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, "മുഖ്യമന്ത്രി പറഞ്ഞു.

"നിങ്ങൾ മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണമെന്നാണ് സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. സംഭവിച്ചതെല്ലാം സംഭവിച്ചു. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പൂരിലേക്ക് നമ്മള്‍ ഒരു പുതിയ ജീവിതം ആരംഭിക്കണം, മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ചു ജീവിക്കണം" അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് മുതൽ ആരംഭിച്ച മണിപ്പൂരിലെ സംഘർഷങ്ങളില്‍ 180-ലധികം പേരാണ് കൊല്ലപ്പെട്ടത്. പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തേയ് വിഭാഗത്തിന്റെ ആവശ്യത്തെ ഗോത്രവർഗമായി കുക്കികള്‍ എതിർത്തതാണ് കലാപത്തിന് വഴിയൊരുക്കിയത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികൾ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗങ്ങളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ ജനസംഖ്യയുടെ 40 ശതമാനമാണ് വരുന്നത്. പ്രധാനമായും മലനിരകളിലാണ് ഇവരുടെ താമസം.
അതേസമയം, ഇന്ത്യൻ ആര്‍മിയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് യാൻജിയാങ്പോക്‌പി, ചുർകാഹന്ദ്പൂർ ജില്ലകളില്‍ നിന്നാണ് തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസും സൈന്യവും പരിശോധന നടത്തിയത്. ലൈറ്റ് മെഷീൻ ഗൺ, 12 ബോർ സിംഗിൾ ബാരൽ ഗൺ, 9 എംഎം പിസ്റ്റൾ, ട്യൂബ് ലോഞ്ചറുകൾ, സ്ഫോടകവസ്‌തുക്കൾ, വെടിക്കോപ്പുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.












Click it and Unblock the Notifications