അതിക്രമം നേരിട്ട കുക്കി സ്ത്രീകളുടെ മൊഴിയെടുക്കുന്നത് നിര്‍ത്തിവെക്കണം; സിബിഐയോട് സുപ്രീം കോടതി
മണിപ്പുര്‍: അതിക്രമം നേരിട്ട കുക്കി സ്ത്രീകളുടെ മൊഴിയെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി. 2 മണി വരെ കാത്ത് നില്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥരോട് കോടതി നിർദ്ദേശിച്ചു.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിർദ്ദേശം.

2 മണി വരെ മൊഴിയെടുക്കുന്നത് നിർത്തണമെന്ന് സി ബി ഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാൻ സോളിസിറ്റര്‍ ജനറൽ തുഷാർ മെഹ്ത്തെയ്ക്കാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കിയത്. അതിക്രമത്തിനിരയായ സ്ത്രീകളോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടതായി ഇരകളുടെ അഭിഭാഷകനായ നിസാം പാഷ അറിയിച്ചിരുന്നു. തുടർന്ന് സോളിസിറ്റർ ജനറലിനോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദാംശം തേടി. എന്നാൽ തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതോടെ ഞങ്ങൾ 2 മണിക്ക് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്നും സ്ത്രീകളുടെ മൊഴിയെടുക്കുന്നത് അതുവരെ നിർത്തിവെയ്ക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ അതിക്രമത്തിനിരയായ രണ്ട് സ്ത്രീകളും നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള സിബിഐ അന്വേഷിക്കുന്നത് നിഷ്പക്ഷമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരുവരും മുന്നോട്ട് വെച്ചത്.
മണിപ്പൂർ വിഷയം സിബിഐയോ എസ് എ ടിയോ അന്വേഷിച്ചാൽ പോരെന്ന നിലപാടായിരുന്നു സുപ്രീം കോടതി മുന്നോട്ട് വെച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തിയുള്ള സമിതി ആയിരിക്കും കോടതി രൂപീകരിച്ചേക്കുക. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നിർദ്ദേശിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയിൽ വിരമിച്ച് വനിതാ ജഡ്ജിയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യും. ആഗസ്റ്റ് 8 നായിരിക്കും ലോക്സഭയിൽ ചർച്ച നടക്കുക. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി നൽകുക. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് നേരത്തേ സ്പീക്കർ അനുമതി നൽകിയിരുന്ന. അസമിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഗൗരവ് ഗൊഗോയ് നൽകിയ നോട്ടീസിനാണ് സ്പീക്കർ അനുമതി നൽകിയത്.പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. നേരത്തേ ചന്ദ്രബാബു നായിഡുവിന്റെ ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications