'മണിപ്പൂരിനെ എങ്ങനെ പഴയ നിലയിലാക്കുമെന്ന് അറിയില്ല.. മൗനം വെടിയൂ'; ഭരണകൂടത്തോട് സിബിസിഐ
ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന നിസംഗതയിലും നിശബ്ദതയിലും ആശങ്ക രേഖപ്പെടുത്തി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. രാജ്യത്തെ കത്തോലിക്കരുടെ പരമോന്നത സംഘടനയായ സിബിസിഐ പ്രതിനിധികള്‍ രണ്ട് ദിവസം മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താനയിലാണ് മണിപ്പൂരിലെ ക്രൂരസംഭവങ്ങള്‍ സിബിസിഐ വിശദീകരിക്കുന്നത്.
''മണിപ്പൂരില്‍ നീണ്ടുനില്‍ക്കുന്ന അക്രമ സംഭവങ്ങളില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങളുടെ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്ത്രീകളും കുട്ടികളും പോലുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ എല്ലാത്തരം അക്രമങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. അക്രമം നിയന്ത്രിക്കുന്നതില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ പുലര്‍ത്തുന്ന നിസംഗത ആശങ്കപ്പെടുത്തുന്നു,' പ്രസ്താവനയില്‍ പറയുന്നു.

ഭരണസംവിധാനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ മതേതര ഘടന ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കണം. ഇന്ത്യയിലും പ്രത്യേകിച്ച് മണിപ്പൂരിലും സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനാവശ്യമായ ചര്‍ച്ചകള്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
സിബിസിഐ പ്രസിഡന്റും ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിച്ചത്. മേയ് 3 മുതല്‍ ആരംഭിച്ച കലാപം 150 പേരുടെ ജീവനെടുക്കുകയും 60,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. സംഘം കാക്ചിംഗിലെ ക്യാമ്പില്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുകയും സുഗ്‌നുവിലെ പുഖൗവില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കലാപബാധിത പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഭയം നിലനില്‍ക്കുന്നതിനാല്‍ സമീപഭാവിയില്‍ ഈ സ്ഥലങ്ങള്‍ വിജനമായി കാണപ്പെടുമെന്ന് തങ്ങള്‍ കരുതുന്നതായും സംഘം പറഞ്ഞു. 'ഈ സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്തവരുടെ ഭാവിയും അവരുടെ കുട്ടികളുടെ ഭാവിയും എന്തായിരിക്കുമെന്നതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്.
ചില സ്‌കൂളുകളും ഹോസ്റ്റലുകളും ഞങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കുള്ളിലെ ഭയവും ഉത്കണ്ഠകളും നേരിട്ട് കാണാന്‍ സാധിച്ചു. എങ്ങനെ ഇതെല്ലാം മാറ്റിയെടുക്കാം, പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകാം എന്നതിന് തങ്ങള്‍ക്ക് ഉത്തരമില്ല,' സിബിസിഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഒട്ടുമിക്ക ദുരിതാശ്വാസ ക്യാമ്പുകളും നടത്തുന്നത് സര്‍ക്കാരല്ലെന്നും സാമൂഹിക സംഘടനകളാണെന്നും അവര്‍ പറഞ്ഞു.
കാത്തലിക് റിലീഫ് ഏജന്‍സിയായ കാരിത്താസ് ഇന്ത്യ ഇതുവരെ മൂന്ന് കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് പ്രതിപക്ഷ പാര്‍ട്ടികളും പൗരസമൂഹവും ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച 3200-ലധികം പേര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കിയിരുന്നു. കലാപകാരികളുടെ അക്രമത്തോടൊപ്പം അധികാരത്തിലെ ഉന്നതരുടെ നിഷ്‌ക്രിയത്വവും കൂട്ടുകെട്ടും ചോദ്യം ചെയ്യേണ്ടതുണ്ട്.
ഒരു മാസത്തിലേറെയായി ലൈംഗികാതിക്രമങ്ങളുടെയും ബലാത്സംഗത്തിന്റെയും പരാതികള്‍ ലഭിച്ചിട്ടും ദേശീയ വനിതാ കമ്മീഷന്‍ അനങ്ങിയില്ല. സുപ്രീം കോടതിയുടെ ഇടപെടല്‍ പോലും വൈകിപ്പോയി എന്നാണ് നിവേദനത്തില്‍ പറയുന്നത്. മണിപ്പൂര്‍ കലാപത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രതികരിച്ച് 78 ദിവസത്തിന് ശേഷമാണ്. അതും സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം. പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications