മണിപ്പൂർ കലാപം; മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ പങ്ക് ആരോപിക്കുന്ന ശബ്‌ദരേഖകളിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ പങ്ക് ആരോപിക്കപ്പെടുന്ന ചോർന്ന ഓഡിയോ ടേപ്പുകളിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നാണ് കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. പുറത്തുവന്ന ഓഡിയോ ടേപ്പുകളുടെ അധികാരിത സംബന്ധിച്ച വിഷയത്തിലാണ് പരമോന്നത കോടതി ഇപ്പോൾ വിദഗ്‌ധ റിപ്പോർട്ട് തേടിയിരിക്കുന്നത്.
ആരോപണവിധേയമായ ടേപ്പുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്‌റ്റ് നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയും ജസ്‌റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിഷയത്തിൽ നിർണായക റിപ്പോർട്ട് തേടിയിരിക്കുന്നത്. മാർച്ച് 24ന് ഹർജിയിൽ വാദം കേൾക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സമ്പൂർണ സ്വതന്ത്ര ഫോറൻസിക് സയൻസ് ലാബായ ട്രൂത്ത് ലാബ്‌സ് ആണ് ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത പരിശോധിച്ചതെന്ന് കുക്കി സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ അറിയിച്ചു. ക്ലിപ്പുകളിലെ ശബ്‌ദം ബിരേൻ സിംഗിന്റെ ശബ്‌ദവുമായി 93 ശതമാനം പൊരുത്തപ്പെടുന്നതായി ലാബ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രഹസ്യ യോഗത്തിലാണ് റെക്കോർഡിംഗ് നടന്നതെന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. വിവാദ ഓഡിയോ ടേപ്പുകളിൽ മെയ്തേയ് സമുദായത്തിന് അറസ്‌റ്റിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകിയതായും സംസ്ഥാന ആയുധശേഖരത്തിൽ നിന്ന് വസ്‌തുക്കൾ മോഷ്‌ടിക്കാൻ അവരെ അനുവദിച്ചതായും മുഖ്യമന്ത്രി പറയുന്നുണ്ടെന്നാണ് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കുന്ന മറ്റേതൊരു സർക്കാർ ഏജൻസിയേക്കാളും ട്രൂത്ത് ലാബ്‌സ് റിപ്പോർട്ട് വിശ്വസനീയമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഓഡിയോ ക്ലിപ്പുകൾ അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്‌ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മണിപ്പൂർ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
നേരത്തെ ഒരു മാസം മുൻപ് മണിപ്പൂരിലെ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് മാപ്പ് ചോദിച്ചിരുന്നു. ഇന്നേ ദിവസം വരെ നമ്മുടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പേരിൽ ഞാൻ ജനങ്ങളോട് മാപ്പ് പറയുന്നു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷം ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. അക്രമം നടന്ന ഒരു വർഷത്തിന് ശേഷമുള്ള മാപ്പ് പറച്ചിലിൽ കാര്യമില്ലെന്നായിരുന്നു അവർ പറഞ്ഞത്.
മണിപ്പൂരിൽ 2023 മെയ് മാസത്തിൽ ആദ്യമായി കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാവുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രബല വിഭാഗങ്ങളായി മേയ്‌തേയ്, കുക്കി വിഭാഗക്കാർ തമ്മിലുള്ള വംശീയ സംഘർഷം വലിയ അക്രമ സംഭവങ്ങൾക്കാണ് വഴിയൊരുക്കിയത്.












Click it and Unblock the Notifications