കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടക്കും, മധ്യപ്രദേശിൽ ബിജെപി സർക്കാർ വീഴുമെന്ന് മനോരമ സർവ്വേ
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീപോള്‍ സര്‍വ്വേ. 230 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 116 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമെന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 120 മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.
ഭരണകക്ഷിയായ ബിജെപിയുടെ സീറ്റ് നില 95-105ലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ കണ്ടെത്തുന്നു. മറ്റുളളവര്‍ക്ക് 3 മുതല്‍ 7 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 109 സീറ്റുകളും മറ്റുളളവര്‍ക്ക് 7 സീറ്റുകളുമാണ് ലഭിച്ചത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ഏതാനും എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോയതോടെ സര്‍ക്കാര്‍ വീണു.

2020 മാര്‍ച്ചില്‍ 22 ഭരണകക്ഷി എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നു. ശിവാരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ തിരിച്ച് എത്തുകയും ചെയ്തു. 2003 മുതല്‍ ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുണ്ട്. കമല്‍നാഥ് മുഖ്യമന്ത്രിയായ 2018 മുതല്‍ 2020 വരെയുളള 15മാസക്കാലം മാത്രമായിരുന്നു ചൗഹാന് കസേരയില്ലാതിരുന്നത്. എന്നാല്‍ ഇക്കുറി വീണ്ടും ചൗഹാന് മുഖ്യമന്ത്രിക്കസേര നഷ്ടമായേക്കും എന്നാണ് മനോരമ സര്‍വ്വേ പറയുന്നത്.
2018ല്‍ കോണ്‍ഗ്രസിന് 40.89 ശതമാനം വോട്ടാണ് ലഭിച്ചിരുന്നതെങ്കില്‍ ഇക്കുറി അത് 42.11 ആയി ഉയരുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിയുടെ വോട്ട് ശതമാനം 41.02ല്‍ നിന്നും 40.3 ആയി കുറയും. മറ്റുളളവര്‍ക്ക് വോട്ട് ശതമാനം 18.9ല്‍ നിന്ന് 17.59 ആയും കുറയുമെന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു.












Click it and Unblock the Notifications