പെണ്‍കുട്ടിക്ക് നേരെ ആക്രമണം, വിദ്വേഷ പ്രചരണം: ഒടുവില്‍ വെറ്റില വെച്ച് മുട്ടുകുത്തി മാപ്പ് പറഞ്ഞ് മാർവാഡികള്‍
ഗുഹാവത്തി: 17 വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച സംഭവത്തില്‍ മുട്ടുകുത്തി മാപ്പ് ചോദിച്ച് അസമിലെ മാർവാഡി വ്യവസായികള്‍. അസമിലെ ശിവസാഗറിൽ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് മാർവാഡി വ്യവസായിയില്‍ നിന്നും മർദ്ദനം നേരിടേണ്ടി വന്നത്. ഇത് മേഖലയില്‍ വലിയ രീതിയില്‍ ചർച്ചാ വിഷയമാകുകയും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്കെതിരായ വിദ്വേഷ പ്രചരണത്തിന് ഇടയാക്കുകയും ചെയ്തു.
നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ (ഐ) ഉള്‍പ്പെടെയുള്ളവരും വിഷയത്തില്‍ പ്രചരണവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. തുടർന്നാണ് ഒരു സംസ്ഥാന കാബിനറ്റ് മന്ത്രിയുടെ സാന്നിധ്യത്തിൽ മാർവാഡി ഗ്രൂപ്പ് പ്രതിനിധികൾ മുട്ടുകുത്തി മാപ്പ് പറഞ്ഞത്.

ആഗസ്റ്റ് 13 നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ ബി എൻ എസ് എസിൻ്റെയും പോക്സോ നിയമങ്ങളുടേയും പ്രധാന വകുപ്പുകള്‍ ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പ്രതികൾ മാർവാഡി സമുദായത്തിൽ നിന്നുള്ള പ്രാദേശിക ബിസിനസുകാരാണെന്ന് വ്യക്തമായതോടെയാണ് ഈ വിഷയം "അസാമീസ് ഇതര" ബിസിനസ്സ് ഉടമകൾക്കെതിരായ വിദ്വേഷ പ്രചരണത്തിലേക്ക് ഒരു വിഭാഗം തിരിച്ചുവിട്ടത്.
തിങ്കളാഴ്ച മുതൽ 30 അസമീസ് ദേശീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത് സംഭവം കൂടുതല്‍ ഗുരുതരമാക്കി. പ്രതിഷേധങ്ങളുടെ ഫലമാി "അസാമീസ് ഇതര" നിവാസികളുടെ ഉടമസ്ഥതയിലുള്ള കടകളും സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് ശിവസാഗർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ സംസ്ഥാന കാബിനറ്റ് മന്ത്രി റനോജ് പെഗു ചൊവ്വാഴ്ച പ്രത്യേക യോഗം വിളിച്ച് ചേർത്തത്. യോഗത്തില്‍ ആസാമീസ് ദേശീയവാദ ഗ്രൂപ്പുകളുടെയും മാർവാഡി ഗ്രൂപ്പുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.
യോഗത്തിന് ശേഷം മാർവാഡി ഗ്രൂപ്പുകളുടെ പ്രതിനിധികളായ പുരുഷന്മാരും സ്ത്രീകളും പെഗുവിൻ്റെയും ജില്ലാ ഭരണകൂടങ്ങളുടെയും പ്രതിഷേധ സംഘടനകളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ മുട്ടുകുത്തി വെറ്റില മുന്നില്‍ വെച്ച് മുട്ടുകുത്തി മാപ്പ് പറയുകയാിരുന്നു. പ്രതിഷേധക്കാർ തന്നെയായിരുന്നു ഇത്തരത്തിലൊരു മാപ്പ് പറച്ചില്‍ ആവശ്യപ്പെട്ടത്.
യോഗത്തിൽ പങ്കെടുത്ത ആസാമീസ് ദേശീയവാദ സംഘടനകൾ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ജില്ലയിലെ "സ്വദേശികളല്ലാത്ത" ആളുകൾക്ക് ഭൂമി വിൽക്കാൻ അനുവദിക്കാത്ത ഒരു നിയമനിർമ്മാണം കൊണ്ടുവരണം, "അസാമീസ് അല്ലാത്തവരുടെ" ഉടമസ്ഥതയിലുള്ള എല്ലാ ബിസിനസ്സുകളുടെയും ഹോർഡിംഗുകളിൽ അവരുടെ സ്ഥാപനങ്ങളുടെ പേരുകൾ അസമീസ് ലിപിയിൽ "വലിയ അക്ഷരങ്ങളിൽ" എഴുതണം, "അസാമീസ് ഇതര" ബിസിനസുകളിലെ ജീവനക്കാരിൽ 90% "തദ്ദേശീയ" യുവാക്കളായിരിക്കണം എന്നതാണ് അവർ മുന്നോട്ടുവെച്ച ആവശ്യം.
പ്രദേശിക ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം തങ്ങള്‍ അംഗീകരിക്കുന്നതായി മാർവാഡി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വിനോദ് അഗർവാൾ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. "ഇപ്പോൾ എല്ലാ പ്രശ്നവും പരിഹരിച്ചു. മാർവാഡി സമൂഹം ഈ സംഭവത്തെ അപലപിക്കുകയും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഞങ്ങൾ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ ഞങ്ങൾ അംഗീകരിച്ചു. ഭൂരിഭാഗം ജീവനക്കാരും ഇതിനോടകം തന്നെ അസമീസ് ആണ്," അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തെറ്റിദ്ധാരണയും പരിഹരിച്ചതായി യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി റനോജ് പെഗുവും വ്യക്തമാക്കി. അതേസമയം, പ്രാദേശിക പാർട്ടിയായ റെയ്‌ജർ ഡോളിൻ്റെ നേതാവും സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗവുമായ ശിവസാഗർ എം എൽ എ അഖിൽ ഗൊഗോയ് പ്രതിഷേധത്തിന് തൻ്റെ "പൂർണ്ണ പിന്തുണ" വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications