മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാം; ഉത്തരവിറക്കി ബെൽജിയം കോടതി
ഒളിവിൽ കഴിയുന്ന വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറാൻ അനുമതി നൽകി ബെൽജിയം കോടതി. വെള്ളിയാഴ്ച ആന്റ്‌വെർപ്പിലെ കോടതിയാണ് ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അംഗീകാരം നൽകിയത്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് നിയമപരമാണെന്ന് കോടതി വിലയിരുത്തി.ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയാണിത്. അതേസമയം ചോക്സിക്ക് ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും.
ഉത്തരവിനെതിരെ 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ചോക്സിക്ക് അവകാശമുണ്ട്. ഏപ്രിൽ 11-ന് ആന്റ്‌വെർപ്പ് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം കഴിഞ്ഞ നാല് മാസമായി ചോക്സി ജയിലിലാണ്. ഇദ്ദേഹം സമർപ്പിച്ച നിരവധി ജാമ്യാപേക്ഷകൾ ബെൽജിയൻ കോടതികൾ നിരസിച്ചിരുന്നു.

66 വയസ്സുകാരനായ ചോക്സിക്കെതിരെ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120B, 201, 409, 420, 477A വകുപ്പുകളും, അഴിമതി നിരോധന നിയമത്തിലെ 7, 13 വകുപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ കുറ്റകൃത്യങ്ങൾ ബെൽജിയൻ നിയമമനുസരിച്ചും ശിക്ഷാർഹമാണ്. ഇത് 'ഡ്യുവൽ ക്രിമിനാലിറ്റി' എന്ന വ്യവസ്ഥക്ക് അനുസൃതമാണ്. തെളിവുകൾ സമർപ്പിക്കുന്നതിനായി സിബിഐ മൂന്ന് തവണ ബെൽജിയൻ സന്ദർശിച്ചിരുന്നു. കൂടാതെ നിയമപരമായ സഹായത്തിനായി ഒരു യൂറോപ്യൻ പ്രൈവറ്റ് നിയമ സ്ഥാപനത്തെയും ഇന്ത്യ നിയമിച്ചിട്ടുണ്ട്. ചോക്സിയെ കൈമാറിയാൽ മനുഷ്യത്വപരമായ സാഹചര്യങ്ങളിൽ പാർപ്പിക്കുമെന്ന് ഇന്ത്യ ബെൽജിയൻ അധികാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്ന മുംബൈയിലെ ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും ഇദ്ദേഹത്തെ പാർപ്പിക്കുക. ശുദ്ധജലം, ഭക്ഷണം, പത്രങ്ങൾ, ടെലിവിഷൻ, വൈദ്യസഹായം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഈ സെല്ലിൽ ലഭ്യമാക്കും. ചോക്സിയെ ഒറ്റയ്ക്ക് തടവിൽ പാർപ്പിക്കില്ലെന്നും ഇന്ത്യ കോടതിയെ അറിയിച്ചു.
2017 നവംബറിൽ ആന്റിഗ്വ ആൻഡ് ബാർബൂഡയുടെ പൗരത്വം നേടിയ ശേഷം 2018 ഡിസംബറിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്ന ചോക്സിയുടെ വാദം ഇന്ന് കോടതിയിൽ ഇന്ത്യ നിഷേധിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യ കോടതിയെ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിലൊന്നായ 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോക്സിക്കെതിരെ അന്വേഷണം നടക്കുന്നത്. കേസിനെ തുടർന്ന് 2018-ന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ നിന്ന് ചോക്സി കടന്നത്.












Click it and Unblock the Notifications