ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നിരോധിക്കണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍
ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നിര്‍ത്തി വെക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ). ഇക്കാര്യം ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കച്ചി അംഗങ്ങള്‍ വ്യാഴാഴ്ച ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തി. പരമ്പര എത്രയും വേഗം നിര്‍ത്തിവെക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോടും ബിസിസിഐയോടും എച്ച്എംകെ ആവശ്യപ്പെട്ടു
ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് എച്ച്എംകെയുടെ പ്രതിഷേധം. എച്ച്എംകെ മേധാവി അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ബംഗ്ലാദേശി ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പാക്കണം എന്നും അതുവരെ ടെസ്റ്റ് പരമ്പര 'നിരോധിക്കണമെന്നും' അര്‍ജുന്‍ സമ്പത്ത് ആവശ്യപ്പെട്ടു.

രാജ്യം സ്വാതന്ത്ര്യം നേടിയ 1971-ല്‍ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 26 ശതമാനമായിരുന്നു എന്നും ഇന്നത് ഏഴ് ശതമാനമായി കുറഞ്ഞുവെന്നും സമ്പത്ത് അവകാശപ്പെട്ടു. ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതും ഹിന്ദു സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടെ സമൂഹം നേരിടുന്ന അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ഈ കുറവിന് കാരണമെന്ന് അര്‍ജുന്‍ സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്രമങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആയിരക്കണക്കിന് ഹിന്ദുക്കള്‍ ധാക്കയിലും ചാട്ടോഗ്രാമിലും പ്രതിഷേധിച്ചിരുന്നു. ആഗസ്റ്റ് മുതല്‍ 48 ജില്ലകളിലെ 278 സ്ഥലങ്ങളില്‍ ഹിന്ദു സമൂഹം ആക്രമണം നേരിട്ടു എന്നാണ് ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സമാന ചോദ്യവുമായി ശിവസേനയും (യുബിടി) രംഗത്തെത്തിയിട്ടുണ്ട്. ബിസിസിഐയോട് കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നതും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പര്യടനം നടത്താന്‍ അനുവദിക്കുന്നതും എന്തുകൊണ്ടാണെന്ന് ആദിത്യ താക്കറെ ചോദിച്ചു. വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടുത്തിടെ അക്രമം നേരിട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
'ഈ അക്രമത്തിനെതിരെ സജീവമായി പ്രചാരണം നടത്തിയവര്‍ ബിസിസിഐയോട് സംസാരിക്കാത്തതും ചോദ്യങ്ങള്‍ ചോദിക്കാത്തതും എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു? അതോ ഇന്ത്യയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടി മാത്രമാണോ ഇത്?' ആദിത്യ താക്കറെ ചോദിച്ചു. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഇന്നാണ് ചെന്നൈയില്‍ ആരംഭിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് പരമ്പര. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ വലിയ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്നത്. മുന്‍നിരയൊന്നാകെ തകര്‍ന്ന ഇന്ത്യയെ യശ്വസി ജയ്‌സ്വാളിന്റെയും രവീന്ദ്ര ജഡേയുടേയും അശ്വിന്റേയും പോരാട്ടമാണ് രക്ഷിച്ചത്.












Click it and Unblock the Notifications