അജിത് പവാറിന്റെ എൻസിപിക്ക് സഹമന്ത്രി സ്ഥാനം? ടിഡിപിക്ക് നാലും, ജെഡിയുവിന് രണ്ടും മന്ത്രിമാർ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിക്ക് തിരിച്ചടി. ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എൻസിപിയുടെ ആവശ്യം ബിജെപി നിരാകരിച്ചു എന്നാണ് സൂചന. എൻസിപിക്ക് സഹമന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്‌തതായി ദേവേന്ദ്ര ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എൻസിപി മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിന് സഹമന്ത്രിസ്ഥാനം നൽകാം എന്നായിരുന്നു ബിജെപി വാഗ്‌ദാനം. എന്നാൽ അവർ അത് നിരസിക്കുകയായിരുന്നു. ആശ്വാസ മന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു മറുപടി. മഹാരാഷ്ട്രയിൽ നിർണായക ശക്തി ആവുമെന്ന് കരുതിയ അജിത് പവാറിന്റെ പാർട്ടിക്ക് പക്ഷേ ഇത്തവണ ഒരു സീറ്റ് മാത്രമാണ് നേടാനായത്.

എങ്കിലും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം നൽകാമെന്ന വാഗ്‌ദാനം അവർക്ക് മുൻപിൽ വച്ചതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രഫുൽ പട്ടേലിന് സ്വതന്ത്ര ചുമതല നൽകാൻ കഴിയില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ഇതോടെ എൻസിപി പ്രതിനിധി മന്ത്രിസഭയിൽ ഉണ്ടാവാനുള്ള സാധ്യത കുറയുകയാണ്.
അതേസമയം, വരാനിരിക്കുന്ന മോദി മന്ത്രിസഭയിൽ ടിഡിപിക്ക് രണ്ട് ക്യാബിനറ്റ് പദവി ലഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ആകെ നാല് മന്ത്രിമാർ ടിഡിപിയിൽ നിന്നുണ്ടാകുമെന്നും അഖിലേഷ് യാദവിന്റെ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് അണ്ണാമലൈ മന്ത്രിയായി ചുമതല ഏറ്റെടുക്കും എന്നാണ് വിവരം.
ഇന്ന് വൈകീട്ട് 7.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിയുന്നതോടെ മൂന്നാം മോദി സർക്കാർ അധികാരം ഏറ്റെടുക്കും. ബിജെപിയിൽ നിന്നും 36 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. കൂടാതെ സഖ്യകക്ഷികളിൽ നിന്നായി 12 പേരും ഇന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തേക്കും.
ടിഡിപിയുടെ രാംമോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവർ മന്ത്രിമാരായേക്കും എന്നാണ് റിപ്പോർട്ടുകൾ. സ്‌പീക്കർ സ്ഥാനം കൂടി അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ലഭിക്കാനിടയില്ല. ജെഡിയുവിന് ആകട്ടെ രണ്ട് മന്ത്രിസ്ഥാനമാണ് ഇക്കുറി ലഭിക്കുക എന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ അനുരാഗ് താക്കൂർ, സ്‌മൃതി ഇറാനി, നാരായൺ റാണെ എന്നിവർ ഇക്കുറി മാറ്റി നിർത്തിയേക്കും എന്നാണ് സൂചന. പകരം അണ്ണാമലൈ ഉൾപ്പെടെ പുതുമുഖങ്ങൾ കടന്നുവരും. തിരുവനന്തപുരത്ത് ശശി തരൂരിനോട് തോറ്റ രാജീവ് ചന്ദ്രശേഖറും ഇക്കുറി പുറത്താവുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.












Click it and Unblock the Notifications