ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് 'മിഷൻ ഷിംല'; തലപുകഞ്ഞ് തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി
ദില്ലി; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബി ജെ പി നേതൃത്വം. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിയാണ് അധികാരത്തിലെങ്കിലും പാർട്ടിയ്ക്ക് ഏറെ വെല്ലുവിളി തീർക്കുന്നത് ഹിമാചലാണ്. ഇക്കഴിഞ്ഞ ലോക്സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി വലിയ തിരിച്ചടിയായിരുന്നു ഹിമാചലിൽ നേരിട്ടത്. ഇത് തന്നെയാണ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നത്.

ഇതോടെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
ചേരി നിവാസികൾക്ക് സ്വത്തവകാശം നൽകുന്നതിനുള്ള നിയമം,കർഷകർക്കും ഗാർഹിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് കുറയ്ക്കുക, സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് തുടങ്ങിയ നടപടികൾ സർക്കാർ നടപാക്കിയിട്ടുണ്ട്. ഇതെത്രോളം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അതേസമയം അതിന് മുൻപ് മറ്റൊരു അഗ്നിപരീക്ഷ കൂടി സംസ്ഥാനത്ത് ബി ജെ പിയെ കാത്തിരിക്കുന്നുണ്ട്, ഷിംല മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്. മെയ്, ജൂൺ മാസങ്ങളിലായിരിക്കാം തിരഞ്ഞെടുപ്പ്.

2017 ൽ 31 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി കാഴ്ച വെച്ചത്. മുനിസിപ്പൽ കോർപറേഷനിലെ 34 സീറ്റുകളിൽ 17 സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസിന് 12 സീറ്റുകളും ലഭിച്ചു. ഇത്തവണ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി സീറ്റുകൾ 34 ൽ നിന്നും 41 ആയി ഉയർത്തിയട്ടുണ്ട്. 2017ൽ 25 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ കീഴിലുള്ള കോൺഗ്രസ് സർക്കാർ സീറ്റുകളുടെ എണ്ണം 34 ആയി ഉയർത്തി. ഭൂരിപക്ഷം നേടുക എന്ന ഉദ്ദേശത്തോടെ കോൺഗ്രസ് കോട്ടകളായ കസുമ്പതി, ഷിംല റൂറൽ എന്നിവിടങ്ങളിൽ നിന്ന് വാർഡുകൾ വിഭജിച്ചു. എന്നാൽ അത് അവരെ തുണച്ചില്ല, മാത്രമല്ല ബി ജെ പി കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു, ബി ജെ പി നേതാവ് പറഞ്ഞു. ഇത്തവണ ബി ജെ പി നടത്തുന്നതും കോൺഗ്രസ് തന്ത്രമാണെന്ന് ബി ജെ പി നേതാവ് സമ്മതിക്കുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഷിംല വികസന പദ്ധതി തെരഞ്ഞെടുപ്പിൽ 'ഗെയിം ചെയ്ഞ്ചർ' ആകുമെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. നാൽദെഹെ, ഫാഗു, ഘണ്ഡൽ, ചാമിയാന എന്നിവിടങ്ങളിൽ നാല് ടൗൺഷിപ്പുകൾ രൂപീകരിക്കുന്നതുൾപ്പെടെ നഗരത്തിന്റെ തിരക്ക് കപറക്കുന്നതിനും നഗര നവീകരണം ലക്ഷ്യമിട്ടുള്ളതുമാണ് പദ്ധതി.

സംസ്ഥാന ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ മാർച്ച് 15 ന് ഹിമാചൽ സർക്കാർ അഞ്ച് ബില്ലുകൾ പാസാക്കിയിരുന്നു. അതിൽ സുപ്രധാനമായിരുന്നു ചേരി നിവാസികൾക്ക് സ്വത്തവകാശം നൽകുന്നതിനുള്ള ബിൽ. ഷിംല നഗരത്തിലും ബിലാസ്പൂർ, ബദ്ദി വ്യാവസായിക മേഖലകളിലും ആണ് ചേരി നിവാസികൾ കൂടുതലായും ഉള്ളത്. ഷിംലയിലെ മൂവായിരത്തോളം ചേരി നിവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ചേരി ആധിപത്യമുള്ള കൃഷ്ണ നഗർ ഏരിയയിൽ ബിജെപി ഒരു മുനിസിപ്പൽ വാർഡും ചേർത്തിട്ടുണ്ട്.ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 60 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന മറ്റൊരു പദ്ധതിയും ബി ജെ പി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള പദ്ധതികളെല്ലാം തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ ബി ജെ പിക്ക് അനുകൂലമാക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്കും ബി ജെ പി സംസ്ഥാനത്ത് തുടക്കം കുറിച്ച് കഴിഞ്ഞു. ഭരണ വിരുദ്ധ വികാരം മറികടക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ബി ജെ പി ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രത്യേക യോം ചേർന്നിരുന്നു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും പഴയ ആർ.എസ്.എസ് നേതാവുമായ സൗദാർ സിംഗായിരുന്നു യോഗത്തിന് നേതൃത്വം നൽകിയത്. അടുത്ത മാസം ആദ്യത്തോടെ വീടുകൾ കയറിയുള്ള പ്രചരണവും ആരംഭിച്ച് നേരത്തേ തന്നെ കളം നിറയാനുള്ള പദ്ധതികളും ബി ജെ പി ക്യാമ്പിൽ ഒരുങ്ങുന്നുണ്ട്.












Click it and Unblock the Notifications