മകള്‍ ഡോക്ടറെ തല്ലുന്ന വീഡിയോ പുറത്തായി; വന്‍ പ്രതിഷേധം, ഒടുവില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞു...
ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രി സോറം തങ്കയുടെ മകള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ തല്ലി. ഇതിന്റെ വീഡിയോ പുറത്തായതോടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത രോഗികളെ ഡോക്ടര്‍ പരിശോധിക്കാറില്ല. എന്നാല്‍ ബുക്ക് ചെയ്യാതെ വന്ന മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്‌തെ ബഹളം വെക്കുകയായിരുന്നു. ഇതിനിടെയാണ് അവര്‍ ക്ലിനിക്കില്‍ കയറി ഡോക്ടറെ തല്ലിയത്. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ ക്ലിനിക്കിലാണ് സഭവം.

ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തായത്. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയ്യാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്‍സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതാണ് കൈയ്യേറ്റത്തിന് കാരണമായത്. ഡോക്ടറുടെ മുഖത്ത് മിലാരി അടിക്കുന്ന വീഡിയോ ആണ് വൈറലായത്. അവിടെയുണ്ടായിരുന്നവര്‍ മിലാരിയെ പിടിച്ചുമാറ്റുകയായിരുന്നു.
വീഡിയോ കണ്ടവരെല്ലാം മുഖ്യമന്ത്രിയെയും കുടുംബത്തെയും വിമര്‍ശിച്ചു. വളര്‍ത്തു ദോഷമാണെന്ന് ചിലര്‍ പരിഹസിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം ഘടകം പ്രതിഷേധവുമായി രംഗത്തെത്തി. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ജോലിക്കെത്തിയത്. കാര്യങ്ങള്‍ കൈവിടുമെന്ന് ബോധ്യമായ മുഖ്യമന്ത്രി സോറം തങ്ക പരസ്യമായി മാപ്പ് പറയുകയായിരുന്നു. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞത്. മകള്‍ മോശമായി പെരുമാറിയതില്‍ മാപ്പ് ചോദിക്കുന്നു. ഡോക്ടര്‍ ക്ഷമിക്കണം. മകളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications