എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യുടെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ലക്ഷ്മണ്‍റാവു ദൊബാലയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി. പ്രശസ്തമായ കോളേജില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്ന 42 കാരിയാണ് ദൊബാലയ്‌ക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.
2011 മുതല്‍ 2013 വരെ തുടര്‍ച്ചയായി ദൊബാലെ തന്നെ പീഡിപ്പിച്ചിരുന്നതായി ബൊറിവാലി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. മന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചും കോളേജ് ഓഫീസില്‍ വെച്ചുമായിരുന്നു പീഡനം. മന്ത്രിയുടെ കൈയ്യില്‍ നഗ്നചിത്രങ്ങളുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

നളന്ദ കോളേജിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ സ്ത്രീ. ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലെ ഒരു ട്രസ്റ്റി കൂടിയാണ് ലക്ഷ്മണ്‍റാവു ദൊബാലെ. യുവതിയുടെ പരാതി ലഭിച്ചതായും കേസ് ചാര്‍ജ് ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ ബാല്‍ സിംഗ് രാജ്പുത് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ എംഎല്‍എയെ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നാണ് ദൊബാലെയുടെ പ്രതികരണം. കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എയ്‌ക്കെതിരെ ഇത്തരം ഒരു പരാതി ഉയര്‍ന്നത് എന്‍സിപിയെ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപി കൂട്ടുകെട്ട് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന പ്രവചനത്തിനിടയിലാണ് കേസ് ഉയര്‍ന്നു വന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications