വാട്‌സ്ആപ്പുമായി ഏറ്റുമുട്ടി കേന്ദ്ര സര്‍ക്കാര്‍, നിലപാടില്‍ മാറ്റമില്ല, സ്വകാര്യതയെ ഇല്ലാതാക്കില്ല
ദില്ലി: പുതിയ ഐടി നിയമത്തില്‍ സോഷ്യല്‍ മീഡിയകളോട് ഏറ്റുമുട്ടി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യതയിലെ ഇല്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാട്‌സാപ്പിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ ഈ നിയമം ബാധിക്കില്ലെന്നും കേന്ദ്രം പറയുന്നു. നേരത്തെ പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം ക്രമസമാധാനപാലനവും രാജ്യസുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. അതേസമയം സമൂഹമാധ്യമങ്ങളോട് പുതിയ ഐടി നിയമ പ്രകാരം റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോ എന്നതിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. 2021 ഐടി നിയമപ്രകാരം സോഷ്യല്‍ മീഡിയ പരാതി പരിഹരിക്കാന്‍ കമ്പനികള്‍ മൂന്നംഗ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കേണ്ടതുണ്ട്.
അതേസമയം ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും അടക്കമുള്ളവര്‍ ഈ ഐടി നിയമപ്രകാരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. അതോടെയാണ് സര്‍ക്കാര്‍ കടുപ്പിച്ചത്. സന്ദേശത്തിന്റെ ഉറവിടം സര്‍ക്കാരിന് വെളിപ്പെടുത്തണമെന്ന പുതിയ നിയമം സ്വകാര്യതയുടെ ലംഘനമായിട്ടാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ കാണുന്നത്. വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ തന്നെ പുതിയ നിയമം നടപ്പാക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും. ക്രമസമാധാന പ്രശ്‌നങ്ങള്‍, രാജ്യസുരക്ഷാ ഭീഷണി, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങി ഗുരുതര കേസുകളില്‍ മാത്രം സന്ദേശങ്ങളുടെ ഉറവിടം നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
Recommended Video
അതേസമയം വാട്‌സാപ്പ് സ്വകാര്യതയെ കുറിച്ച് പറയുകയും, അതേസമയം തന്നെ അവര്‍ ഫേസ്ബുക്കിന് വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുട്യൂബ് അടക്കമുള്ളവയ്ക്കും ഈ നയം ബാധകമാവും. അതേസമയം ഐടി നിയമം അനുസരിച്ച് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്പനികളുടെ മേല്‍വിലാസവും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications