മുഹമ്മദ് സിറാജിന് ഇനി പുതിയ റോള്‍, ഡിഎസ്പിയായി നിയമിച്ചു; ജൂബിലി ഹില്‍സില്‍ ഭൂമിയും അനുവദിച്ചു
ഹൈദരാബാദ്: തെലങ്കാന പോലീസില്‍ ഡിഎസ്പിയായി ചുമതലയേറ്റ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഡിജിപിയുടെ മേല്‍നോട്ടത്തിലാണ് അദ്ദേഹത്തിന് ചുമതല നല്‍കിയത്. വെള്ളിയാഴ്ച്ച അദ്ദേഹം ഡിജിപി ജിതേന്ദറിനെയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചിരുന്നു.
ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സിറാജിന് ഭൂമി അനുവദിച്ചിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 600 സ്‌ക്വയര്‍ യാര്‍ഡ്‌സ് ഭൂമിയാണ് അനുവദിച്ചത്. ഹൈദരാബാദിലെ ആഡംബര മേഖലയാണിത്. അതേസമയം രേവന്ത് റെഡ്ഡി നേരത്തെ പോലീസ് ജോലി സിറാജിന് വാഗ്ദാനം ചെയ്തിരുന്നു.

ക്രിക്കറ്റിന് നല്‍കിയ വലിയ സാഭാവനകള്‍ മുന്‍നിര്‍ത്തി അര്‍ഹമായ സര്‍ക്കാര്‍ ജോലി സിറാജിന് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹൈദരാബാദ് സ്വദേശിയായ സിറാജിന്റെ പോലീസിലെ പുതിയ പദവി ഔദ്യോഗിക പരിപാടിയിലൂടെയാണ് സര്‍ക്കാര്‍ പരസ്യമാക്കിയത്. അതേസമയം ചടങ്ങില്‍ കോണ്‍ഗ്രസ് എംപി അനില്‍ കുമാര്‍ യാദവും ഫഹീം ഖുറേഷിയും പങ്കെടുത്തിരുന്നു.
നേരത്തെ സിറാജ് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നു. നാല് വിക്കറ്റുകളാണ് താരം രണ്ട് ടെസ്റ്റില്‍ നിന്നായി വീഴ്ത്തിയത്. 2017ലാണ് സിറാജ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്. 2020-21 വര്‍ഷത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗംഭീര പ്രകടനമാണ് ടീമിലെ സ്ഥിരം സാന്നിധ്യമായി സിറാജിനെ മാറ്റിയത്.
ഗ്രൂപ്പ്-ഐ വിഭാഗത്തില്‍ വരുന്ന സര്‍ക്കാര്‍ ജോലിക്ക് ഡിഗ്രിയാണ് ആവശ്യം. എന്നാല്‍ സിറാജ് പന്ത്രണ്ടാം ക്ലാസാണ് പാസായത്. എന്നാല്‍ യോഗ്യതയില്‍ ഇളവ് നല്‍കിയാണ് സിറാജിന് ഡിഎസ്പിയായി ജോലി നല്‍കിയതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
29 ടെസ്റ്റുകളാണ് ഇതുവരെ സിറാജ് കളിച്ചത്. 78 വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. 44 ഏകദിനങ്ങളില്‍ നിന്ന് 71 വിക്കറ്റുകളും, 16 ടി20കളില്‍ നിന്ന് 14 വിക്കറ്റുകളും സിറാജ് വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ടോപ് ത്രീ പേസ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ജസ്പ്രീത് ബുംറ കഴിഞ്ഞാല്‍ ടീമിലെ രണ്ടാമത്തെ മികച്ച പേസറാണ് താരം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും സിറാജ് കളിക്കുന്നുണ്ട്.
അതേസമയം സിറാജിന്റെ കൂടി മികവലാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താരം കളിക്കുന്നുണ്ട്. അടുത്ത ബുധനാഴ്ച്ചയാണ് പരമ്പര ആരംഭിക്കുന്നത്. ബെംഗളൂരുവാണ് വേദി. ബിസിസിഐ നേരത്തെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ടെസ്റ്റ് പൂനെയിലും, മൂന്നാം ടെസ്റ്റ് മുംബൈയിലുമാണ് നടക്കുന്നത്. ജസ്പ്രീത് ബുംറയെ നേരത്തെ വൈസ് ക്യാപ്റ്റനായും സെലക്ഷന്‍ കമ്മിറ്റി നിയമിച്ചിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമാണ് സിറാജ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സിറാജിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.












Click it and Unblock the Notifications